പന്തിപ്പൊയിലിൽ 30 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലും മെത്താംഫെറ്റാമിനും പിടികൂടി; പ്രതി ഒളിവിൽ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫെറ്റാമിനും പിടികൂടി. വിപണിയിൽ ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പന്തിപ്പൊയിൽ നരിപ്പാറ ഭാഗത്തെ ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ എന്നയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ വീടിനുള്ളിലെ അലമാരയിൽ 190 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. വയനാട്ടിലും മറ്റും ഹാഷിഷ് ഓയിലിന്റെ മൊത്ത വിതരണക്കാരനാണ് പ്രതിയായ സുബൈറെന്ന് എക്സൈസ് അറിയിച്ചു. സംഭവത്തിൽ ഒളിവിൽ പോയ പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുമെന്നും എക്സൈസ് വ്യക്തമാക്കി. എക്സൈസ് ഇൻസ്പെക്ടർ സെൻഫീർ മുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ പി.എൻ, അരുൺ പി.ഡി, റഷീദ് കെ, മുനീറ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.




Leave a Reply