വയനാട് മെഡിക്കൽ കോളേജ് അട്ടിമറിച്ചതിനെതിരെ പ്രക്ഷോഭം: 30ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് ധർണ്ണ
കൽപ്പറ്റ: വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുകയാണെന്നും, ജില്ലയ്ക്ക് അടിയന്തര പ്രാധാന്യമുള്ള മെഡിക്കൽ കോളേജിന്റെ പുനഃസ്ഥാപനത്തിനും നാടിന്റെ വികസനത്തിനും തടസ്സമാകുന്നത് നിലപാടുകളും മൂല്യങ്ങളും നഷ്ടപ്പെട്ട ജനപ്രതിനിധികളും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണെന്ന് വയനാട് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ ആരോപിച്ചു.
ഇടതു-വലതു രാഷ്ട്രീയ പാർട്ടികൾ നിലനിൽപ്പിനായി രാഷ്ട്രീയ അടിമകളെ വളർത്തുകയും പുത്തൻ തലമുറയെ വഴിതെറ്റിക്കുകയുമാണെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിവും പ്രാപ്തിയുമുള്ള പ്രാദേശിക നേതാക്കളുടെ അഭാവം നിമിത്തം മറ്റ് ദിക്കുകളിൽ നിന്നും വരുന്ന നേതാക്കളുടെ ചേക്കേറൽ മേഖലയായി വയനാട് മാറുകയാണ്. കേന്ദ്രസർക്കാർ അംഗീകരിച്ച അവികസിത ജില്ല (ആസ്പിറേഷണൽ പദ്ധതി) എന്ന പരിഗണന പോലും ജനപ്രതിനിധികൾ മറന്നുപോവുകയാണ്. കൽപ്പറ്റ മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജിനായി ചന്ദ്രപ്രഭ ട്രസ്റ്റ് ദാനമായി നൽകിയ 54 ഏക്കർ ഭൂമിയെക്കുറിച്ചോ അതിന്റെ ധനപരമായ മൂല്യത്തെക്കുറിച്ചോ ജനകീയ സൗകര്യത്തെക്കുറിച്ചോ ആരും സംസാരിക്കുന്നില്ല.
എൽ.ഡി.എഫ് സർക്കാർ മടക്കിമലയിൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്ന് കള്ളപ്രചാരണം നടത്തി മെഡിക്കൽ കോളേജ് മാനന്തവാടിയിലേക്ക് അട്ടിമറിക്കുകയും, നിലവിലെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ സ്ഥലം അതിതീവ്ര പാരിസ്ഥിതിക മേഖലയാണെന്ന വസ്തുത മറച്ചുവെക്കുകയും ചെയ്തു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (എസ്.എച്ച്.ആർ.പി.സി) ലോകായുക്തയിൽ തുടരുന്ന കേസിൽ മടക്കിമലയിൽ ട്രസ്റ്റ് നൽകിയ 54 ഏക്കർ ഭൂമിയിൽ എന്തുകൊണ്ട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നില്ല എന്ന് ജഡ്ജി ചോദിച്ചപ്പോൾ, അവിടെ പാരിസ്ഥിതിക പ്രശ്നമുണ്ടെന്നാണ് ഗവൺമെന്റ് പ്ലീഡർ റിപ്പോർട്ട് നൽകിയത്. ജില്ലാ കളക്ടർ മറിച്ചുള്ള റിപ്പോർട്ട് നൽകിയിട്ടും ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടാണ് മുന്നോട്ടുവെച്ചത്. സ്വകാര്യ വ്യക്തികളുടെ താല്പര്യ സംരക്ഷണത്തിനായി എൽ.ഡി.എഫ് സർക്കാർ പ്രചരിപ്പിച്ച അതേ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാരിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെ ലോകായുക്തയിൽ നൽകിയിരിക്കുന്നത്.
അധികാരം മാത്രം ലക്ഷ്യം വെക്കുന്ന ജനപ്രതിനിധികൾ ഇതിന്റെ വസ്തുതകൾ വെളിപ്പെടുത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചും, ‘മടക്കിമല ജനവഞ്ചനയുടെ ദിനങ്ങൾ’ എന്ന സന്ദേശം ഗ്രാമാന്തരങ്ങളിൽ എത്തിച്ചുകൊണ്ടും വരുന്ന 30-ാം തീയതി വെള്ളിയാഴ്ച രാവിലെ സുൽത്താൻ ബത്തേരി ഐ.സി. ബാലകൃഷ്ണൻ എം.എ.എയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു. കുന്നത്ത് അഷ്റഫ് സമരം ഉദ്ഘാടനം ചെയ്യും.
കൽപ്പറ്റ എം.ജി.ടി ഹാളിൽ ചേർന്ന അടിയന്തര യോഗത്തിൽ എസ് എച് ആർ പി സി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. ഹൈദ്രു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ് തുടർ സമരപരിപാടികൾ വിശദീകരിച്ചു. ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ, വർഗീസ് വട്ടേക്കാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കുന്നത്ത് അഷ്റഫ്, യു.എ. അബ്ദുൾ മനാഫ്, എം.കെ. ഷിബു, കെ.എം. സൈതലവി, ശശി ചീരാൽ, എച്ച്. സുജാത, ബിജു പൂളക്കര, എൻ. യാസിൻ ഒമർ, രാമചന്ദ്രൻ പി., പി.കെ. ബാലൻ കോട്ടത്തറ, സുബ്രഹ്മണ്യൻ കെ.വി., പി.പി. വാസുദേവൻ, ജോൺ മുണ്ടേരി എന്നിവർ യോഗത്തിൽ സംസാരിച്ചു.




Leave a Reply