October 27, 2026

പരിസ്ഥിതിയുടെ പേര് പറഞ്ഞ് വയനാടിൻ്റെ വികസനത്തെ തടയുന്നവരെ ഒറ്റപ്പെടുത്തുക: സി.ഡബ്ല്യു.എസ്.എ

0
ead0cddd-39c2-4af3-bf95-fa75407c802b
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പരിസ്ഥിതിയുടെ പേരുപറഞ്ഞ് വയനാടിന്റെ വികസനത്തെ തടയുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) സംസ്ഥാന പ്രസിഡന്റ് പി.കെ. ചന്ദ്രൻ. മേപ്പാടി എം.എസ്.എ. ഓഡിറ്റോറിയത്തിൽ നടന്ന സി.ഡബ്ല്യു.എസ്.എ. വയനാട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപകാല പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും സമൂഹത്തിന്റെ നിർമാണ മേഖലയിലെ പ്രതിസന്ധികളിൽ ഇടപെടാനും സംഘടനയുടെ എല്ലാ തലങ്ങളിലുമുള്ള നേതൃത്വത്തിന് കഴിയണം. നാടിന്റെ നല്ല ഭാവിക്കായി പ്രവർത്തിക്കുന്ന, നാടിനെ സ്നേഹിക്കുന്ന വ്യക്തികളായി എല്ലാവരും മാറണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് രാജേഷ് കെ.ആർ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ സംഘടനാ വിശദീകരണം നടത്തി. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ കേരളത്തിലെ പല പഞ്ചായത്തുകളെയും വികസനത്തിൽനിന്ന് മാറ്റിനിർത്തുന്ന സാഹചര്യം പരിശോധിക്കണം. നിർമാണത്തിന് അനുയോജ്യമായ സ്ഥലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് അവസരം നൽകണം. അല്ലാത്തപക്ഷം നിരവധി കുടുംബങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ഉപജീവനമാർഗങ്ങൾ ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം കൺവീനർ റോബിൻസൺ ആന്റണി സ്വാഗതവും ജില്ലാ ട്രഷറർ നിഷാദ് നന്ദിയും പറഞ്ഞു. സംസ്ഥാന, ജില്ലാ നേതാക്കളായ കെ.വി. ഹൈദ്യൂ, കുടുംബക്ഷേമ ട്രസ്റ്റ് അംഗങ്ങളായ സലിം ബത്തേരി, അബു താഹിർ, സംസ്ഥാന നിരീക്ഷകർ തുടങ്ങിയവർ സംസാരിച്ചു. .

കൺവെൻഷന്റെ ഭാഗമായി നടന്ന കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര പിന്തുണയും ശക്തിപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്ന് അവർ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾ സമൂഹത്തിലെ ഒറ്റപ്പെടലിനെതിരായ കൂട്ടായ്മയ്ക്ക് കരുത്തുപകരുന്നതാണെന്നും ആശ്വാസ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ വ്യക്തമാക്കി.

ഒരു അംഗത്തിന് 10 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പുതിയ ആശ്വാസ പദ്ധതിയെക്കുറിച്ച് സംസ്ഥാന ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് ഷാ വിശദീകരിച്ചു. പദ്ധതിയിൽ അംഗമാകുന്നതിന് ഒറ്റത്തവണയായി 5,000 രൂപ അടയ്ക്കണം. 90 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അംഗം മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതര രോഗങ്ങൾക്കും സമാനമായ സാഹചര്യങ്ങൾക്കും ചികിത്സാസഹായമായി അഞ്ചുലക്ഷം രൂപ വരെ ലഭ്യമാക്കുന്നതുമാണ് പദ്ധതിയെന്ന് അദ്ദേഹം വിശദീകരിച്ചു.

10,000 അംഗങ്ങൾ വീതമുള്ള ബാച്ചുകളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അംഗങ്ങളിൽ ഒരാൾ മരിച്ചാൽ നിശ്ചിത നിക്ഷേപത്തുകയിൽനിന്ന് സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. സംഘടനയുടെ കുടുംബക്ഷേമ പദ്ധതിയിലും എല്ലാ അംഗങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

കുടുംബസംഗമത്തിന് ജില്ലാ സെക്രട്ടറി സോജൻസി സ്വാഗതം ആശംസിച്ചു. കുടുംബക്ഷേമ കൺവെൻഷൻ സ്വാഗതസംഘം ചെയർമാനും ജില്ലാ രക്ഷാധികാരിയുമായ അഹമ്മദ് കുട്ടി മേപ്പാടി അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മതങ്ങളിലും വിഭാഗങ്ങളിലുംപ്പെട്ടവരാണെങ്കിലും എല്ലാവരും ഒരുമയോടെ മുന്നോട്ടുപോകണമെന്നും ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രസ്റ്റ് പ്രതിനിധികളും മറ്റു നേതാക്കളും സംസാരിച്ചു. ജില്ലാ മീഡിയ കമ്മിറ്റിക്കുവേണ്ടി റിജിൽ ദേവസ്യ നന്ദി രേഖപ്പെടുത്തി.

വൈകുന്നേരം എം.എസ്. ഓഡിറ്റോറിയത്തിൽനിന്ന് ആരംഭിച്ച പ്രകടനം മേപ്പാടി അങ്ങാടി ചുറ്റി ഓഡിറ്റോറിയത്തിൽ സമാപിച്ചു. കൺവെൻഷനിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

സംഘടനയുമായി 28 വർഷമായി സഹകരിക്കുന്ന ടീം ടി സ്റ്റീൽ ബാറിനോടുള്ള നന്ദിസൂചകമായി കമ്പനിയുടെ സി.ഇ.ഒയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം നൽകി. കമ്പനിയുടെ 28 വർഷത്തെ സൗഹൃദത്തിന്റെ സ്മരണയ്ക്കായി ഒരുക്കിയ ഫലകം ചടങ്ങിൽ സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ കൈമാറി. തുടർന്ന് ഗാനമേളയോടെ കൺവെൻഷൻ സമാപിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *