ലഹരിയ്‌ക്കെതിരെ പടവാളായി തെരുവുനാടകം; മാനന്തവാടിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശ്രദ്ധേയമായി
മാനന്തവാടി: യുവത്വത്തെ മുരടിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സർഗ്ഗാത്മക പ്രതിരോധമൊരുക്കി ‘ഓപ്പറേഷൻ തൂഫാൻ – നാർക്കോ ഹണ്ട്’ തെരുവുനാടകം അരങ്ങേറി. നോർബർടൈൻ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹ വെൽഫെയർ സെന്റർ, മാനന്തവാടി നഗരസഭ, എക്സൈസ്, പോലീസ് വകുപ്പുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മാനന്തവാടി–കോഴിക്കോട് റോഡിൽ നടന്ന നാടകം കാണാൻ നിരവധി യാത്രക്കാരും നാട്ടുകാരും തടിച്ചുകൂടി. സ്നേഹ സ്വയംസഹായ സംഘത്തിലെ വനിതകളാണ് നാടകത്തിൽ അഭിനേതാക്കളായി വേഷമിട്ടത്. ലഹരി ഒളിഞ്ഞിരിക്കുന്ന കെണികളും അവ തകർക്കുന്ന കുടുംബജീവിതങ്ങളും ആഴത്തിൽ വരച്ചുകാട്ടാൻ ഇവർക്കായി. ലഹരിമുക്ത സമൂഹത്തിനായുള്ള സന്ദേശവുമായി ജില്ലയിൽ ആദ്യമായാണ് അമ്മമാർ ഇത്തരം വേറിട്ട നാടകാവതരണവുമായി തെരുവിൽ ഇറങ്ങുന്നതെന്ന് സ്വാഗതപ്രസംഗത്തിൽ സ്നേഹ വെൽഫെയർ സെന്റർ ഡയറക്ടർ ഫാ. അനീഷ് കരിമാലൂർ വ്യക്തമാക്കി.
പരിപാടി ഉദ്ഘാടനം ചെയ്ത മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ് പി. എ., ഒരു ജനതയുടെ ഭാവിയെ മുച്ചൂടും നശിപ്പിക്കാൻ ഭീകരവാദികളെപ്പോലെ പ്രവർത്തിക്കുന്ന ഒന്നാണ് ലഹരിയെന്ന് ഓർമ്മിപ്പിച്ചു. ചടങ്ങിൽ സോഷ്യൽ വർക്കർ ജോബി തോമസ് നന്ദി രേഖപ്പെടുത്തി.




Leave a Reply