സർക്കാറിന്റെ തേൻ മിഷൻ സുഗന്ധഗിരിയിൽ നടപ്പാക്കും;പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകി ടി. സിദ്ദിഖ്
പൊഴുതന: സംസ്ഥാന സർക്കാർ ഗോത്ര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന തേൻ മിഷൻ സുഗന്ധഗിരിയിൽ ആദ്യ ഘട്ടത്തിൽ തന്നെ നടപ്പാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉറപ്പ് നൽകി. സുഗന്ധഗിരിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാൻ പ്രിയങ്ക ഗാന്ധി എം.പി. നടത്തിയ സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധി എം.പി. മുന്നോട്ട് വച്ച നിർദ്ദേശം അംഗീകരിച്ച മന്ത്രി അവിടെ വച്ച് തന്നെ നൽകിയ ഉറപ്പ് കയ്യടിച്ചാണ് ജനങ്ങൾ സ്വീകരിച്ചത്. തേൻ ശേഖരണത്തിനും , സംസ്കരണത്തിനും പരിശീലനം നൽകുകയും വിപണി കണ്ടെത്തുകയും ചെയ്യുന്ന പദ്ധതിയാണ് തേൻ മിഷൻ.
കൈവശരേഖയുള്ള ഭൂമിക്ക് പട്ടയം നൽകണമെന്ന ആവശ്യം പ്രാദേശികവാസികൾ മുന്നോട്ട് വച്ചു. വികസന പദ്ധതികൾക്ക് വനം വകുപ്പിന്റെ എൻ.ഒ.സി. ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും പൊതു ആവശ്യങ്ങൾക്കായി നീക്കി വച്ച ഭൂമി ഉപയോഗിക്കാതെ കിടക്കുന്നിടത്ത് പുതിയ പദ്ധതികൾ നടപ്പാക്കണമെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയോടെ സുഗന്ധഗിരി അമ്പ ജി. എൽ. പി. എസിൽ എത്തിയ പ്രിയങ്ക ഗാന്ധി എം.പി. യെ ആദിവാസി നൃത്തതോടെയാണ് സ്ത്രീകൾ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കളക്ടർ ചെൽസ സിനി ഐ. എ. എസ്., പഞ്ചായത്ത് പ്രസിഡന്റ് നാസർ കാതിരി, വൈസ് പ്രസിഡന്റ് സുധ അനിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.




Leave a Reply