കാപ്പി ഉൽപാദനം വർധിപ്പിക്കാൻ; വിവിധ പദ്ധതികളുമായി കോഫി ബോർഡ്
വൈത്തിരി : കോഫി ബോർഡിൻ്റെ വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തി വയനാട്ടിലെ കർഷകർ തങ്ങളുടെ കാപ്പി ഉൽപാദനം വർധിപ്പിക്കാൻ ശ്രമിക്കണമെന്ന് കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ. കറുത്ത മണി കർഷകരെ ഓർമ്മപ്പെടുത്തി. വയനാടൻ കാപ്പിക്ക് ലോക കമ്പോളത്തിൽ തനതായ സ്ഥാനമുണ്ട്. ആ സാധ്യത ഉപയോഗപ്പെടുത്താൻ ഉൽപാദനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ശരിയായ ജലസേചന മാർഗം ഉപയോഗിച്ചും കൃത്യസമയത്ത് വളപ്രയോഗം നടത്തിയും വരുമാന വർധന ഉറപ്പാക്കണം. ഉൽപാദന ശേഷി കുറഞ്ഞ ചെടികൾ താൽക്കാലിക നഷ്ടം നോക്കാതെ നല്ല ഇനം തൈകൾ നട്ട് തോട്ടങ്ങളിൽ പുന:കൃഷി നടത്തണം. പഴയ ചെടികൾ മുറിച്ചുമാറ്റി പുതിയ തൈകൾ നടാൻ കോഫി ബോർഡിന്റെ പദ്ധതി ഉപയോഗപ്പെടുത്തണം. ഉൽപാദന ക്ഷമത കുറഞ്ഞ തോട്ടങ്ങളിൽ പഴയതു മുറിച്ചു മാറ്റാതെ തന്നെ ഇടവരിയിൽ തൈകൾ നടുന്നതിന് സബ്സിഡി അടുത്ത സാമ്പത്തിക വർഷം ഉണ്ടാകും. കൂടാതെ ഉൽപാദന ക്ഷമത കൂടിയ സങ്കരയിനം തൈകൾ ഉടൻ തന്നെ കർഷകർക്ക് എത്തിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
വയനാട് ജില്ലയിലെ കൽപറ്റ ബ്ലോക്കൽ പ്രവർത്തിക്കുന്ന വയനാട് സ്പൈസസ് ആൻഡ് ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ രണ്ടാം വാർഷിക ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കമ്പനി ചെയർമാൻ മുഹമ്മദ് അലി പാറക്കൽ അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ അംഗങ്ങൾക്കുള്ള ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫിക്ക് നൽകി.വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷ ജ്യോതിദാസ് നിർവഹിച്ചു. കമ്പനി ഡയറക്ടർ ടെസി ജേക്കബ് സ്വാഗതവും ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞ ചടങ്ങിൽ പിഡിഎസ് കോഡിനേറ്റർ എം എം തോമസ്, അനിൽ തോമസ്, കെ. വി .വി . ഇ .എസ് യൂണിറ്റ് പ്രസിഡൻ്റ് സി വി വർഗീസ് ,ജോസ് മണ്ഡപത്തിൽ എന്നിവർ സംസാരിച്ചു.





Leave a Reply