കോഴിയും കൂടും പദ്ധതി;വഞ്ചിക്കപ്പെട്ട വീട്ടമ്മമാർക്ക് ജപ്തി നോട്ടീസ്
പനമരം:പഞ്ചായത്തിന്റെ കോഴിയും കൂടും പദ്ധതിയിൽ വായ്പത്തട്ടിപ്പിനിരയായ വീട്ടമ്മമാർക്ക് ജപ്തി നോട്ടിസ് ലഭിച്ചു തുടങ്ങി. പദ്ധതിയിൽ അംഗങ്ങളായ കുടുംബശ്രീ പ്രവർത്തകരായ വീട്ടമ്മമാർക്കാണ് ധനകാര്യ സ്ഥാപനത്തിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചത്.
കൈതക്കൽ കരിമംകുന്ന് കല്ലക്കാട്ട് മേരി ബേബി, കുളിവയൽ തേമാംകുഴി ത്രേസ്യ വർക്കി എന്നിവർക്കടക്കം 5 പേർക്ക് കനറാ ബാങ്ക് പനമരം ശാഖയിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതായി പറയുന്നു.
ത്രേസ്യയ്ക്കു ലഭിച്ച നോട്ടിസിൽ 27,559 രൂപ കുടിശിക ഉണ്ടെന്നും നോട്ടിസ് ലഭിച്ച് 10 ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നാണുള്ളത്.
ഒരുരൂപ പോലും ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്‌പ എടുക്കാത്തവർക്ക് നോട്ടിസ് ലഭിച്ചത്. പദ്ധതിയിൽ അംഗങ്ങളായ ചിലർക്ക് മുൻപ് ബാങ്കിൽ നിന്ന് വായ്‌പയുടെ പലിശയടയ്ക്കാൻ നോട്ടിസ് ലഭിച്ചിരുന്നു.
അവർ സംഘടിച്ചെത്തി പഞ്ചായത്ത് ഓഫിസ് രണ്ടു തവണ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ കോഴിയും കൂടും പദ്ധതിയുടെ മറവിൽ രേഖകൾ കൈക്കലാക്കി ഗുണഭോക്താക്കളാറിയാതെ 20000 രൂപ വായ്‌പയെടുത്ത് കബളിപ്പിച്ചെന്ന് ആരോപിച്ചാണ് മാസങ്ങൾക്ക് മുൻപ് വീട്ടമ്മമാർ സമരം നടത്തിയത്.
അന്ന് ശാശ്വത പരിഹാരം കാണുമെന്നു പഞ്ചായത്തധികൃതർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ കഴിഞ്ഞദിവസം മുതൽ ജപ്തി നോട്ടിസ് ലഭിച്ചു തുടങ്ങുകയായിരുന്നു. 2018 ൽ ആണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ വനിതകൾക്കായി കോഴിയും കൂടും പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടത്തിപ്പിനായി സഹകരണ സംഘമായ ഹോപ്കോയെ പഞ്ചായത്ത് ചുമതലപ്പെടുത്തി.
ഹോപ്കോയിലെ ജീവനക്കാർ പദ്ധതിയിൽ അംഗങ്ങളായവരുടെ വീടുകളിലെത്തി ഉപഭോക്തൃവിഹിതമായി 4000 രൂപ അടയ്ക്കണമെന്നും രേഖകളുമായി ബാങ്കിൽ എത്തണമെന്നും ആവശ്യപ്പെട്ടു.
ഇതു പ്രകാരം ബാങ്കിൽ എത്തിയ വനിതകളിൽ നിന്ന് ബാങ്ക് അധികൃതർ പലതരം പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയെന്നും വീട്ടമ്മമാർ പറയുന്നു.
പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വിഷയം വിജിലൻസിൽ പരാതി നൽകുമെന്ന് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഉണ്ടായ രാഷ്ട്രീയ ഇടപെടൽ മൂലം പരാതി നൽകിയില്ലെന്ന് ആരോപണമുണ്ട്. തങ്ങൾക്ക് ലഭിക്കാത്ത പണം തിരിച്ചടയ്ക്കില്ലെന്നാണ് നോട്ടിസ് ലഭിച്ചവരുടെ കുടുംബങ്ങൾ പറയുന്നത്.





Leave a Reply