April 30, 2026

ബാങ്ക് ഡയറക്ടറെ ഭരണസമിതി യോഗത്തില്‍ പങ്കെടുപ്പിക്കുന്നില്ല; നേരിടുമെന്ന് ബിജെപി

0
Img 20241213 180016
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പൂതാടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി.എം. സുധാകരനെ സഹകരണ ജോയിന്റ് രജിസട്രാറുടെ ഉത്തരവിനു വിപരീതമായി ഭരണസമിതി യോഗത്തില്‍ പങ്കെടുപ്പിക്കാത്തതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, പുല്‍പ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശന്‍ നെല്ലിക്കര, ജില്ലാ കമ്മിറ്റിയംഗം വി.കെ. രാജന്‍, പൂതാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.വി. മുരളീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റാണ് സുധാകരന്‍. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചാണ് ബിജെപിയില്‍ എത്തിയത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് പൂതാടി സര്‍വീസ് സഹകരണ ബാങ്ക്. കഴിഞ്ഞ ജൂണ്‍ 22ന് ചേര്‍ന്ന ബാങ്ക് അംഗങ്ങളുടെ പൊതുയോഗം സുധാകരനെ ഡയറക്ടര്‍ പദവിയില്‍നിന്നും പ്രാഥമികാംഗത്വത്തില്‍നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെതിരേ സുധാകരന്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ കാര്യങ്ങള്‍ പഠിച്ച് ഉചിതമായ തിരുമാനമെടുക്കാന്‍ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് അധികൃതരുടെയും സുധാകരന്റെയും മൊഴിയെടുത്തു. സുധാകരനെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പ്രാഥമികാംഗത്വത്തില്‍നിന്നും നീക്കിയ നടപടി ഒക്ടോബര്‍ 24ന് റദ്ദാക്കി. ഇതേത്തുടര്‍ന്ന് നവംബര്‍ നാലിന് ചേരാന്‍ നിശ്ചയിച്ച ഭരണസമിതി യോഗത്തിന്റെ നോട്ടീസ് സുധാകരന് ബാങ്ക് സെക്രട്ടറി നല്‍കി. പ്രസിഡന്റും മറ്റംഗങ്ങളും വിട്ടുനിന്നതിനാല്‍ ഈ യോഗം നടന്നില്ല. ഇതിനു പിന്നാലെ സുധാകരന് നോട്ടീസ് അയച്ച സെക്രട്ടറിക്ക് പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നവംബര്‍ 12ന് ഭരണസമിതിയോഗം ചേര്‍ന്നെങ്കിലും വിവരം സുധാകരനില്‍നിന്നു മറച്ചുവച്ചു. ഇതുമായി ബന്ധപ്പെട്ട് സുധാകരന്‍ സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍, ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിനെതിരേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാന്‍ രണ്ടു മാസം സമയമുണ്ടെന്നും വിഷയത്തില്‍ തീരുമാനമാകുന്നതുവരെ ഭരണസമിതി യോഗത്തിലേക്ക് വിളിക്കില്ലെന്നുമാണ് മറുപടി ലഭിച്ചത്. ഇത് ധിക്കാരവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പി.എം. സുധാകരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *