ഡിസിസി ട്രഷററുടെയും മകന്റെയും മരണം ആത്മഹത്യയല്ല, കൊലപാതകം: വി കെ സനോജ്
ബത്തേരി: വയനാട് ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകന്റെയും മരണം ആത്മഹത്യയല്ലെന്നും കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. തിങ്കൾ പകൽ 14.45ഓടെ വിജയന്റെ വീട് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ബാങ്ക് നിയമനത്തിന് കോഴ വാങ്ങാൻ ഐ സി ബാലകൃഷ്ണനും നേതാക്കളും വിജയനെ കരുവാക്കി. അദ്ദേഹം കെപിസിസിക്ക് നൽകിയ പരാതി മുക്കിയത് പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഹിതം കിട്ടിയതുകൊണ്ടാണ്. ഖദറിട്ട ഡ്രാക്കുള സംഘമായി സുധാകര–-സതീശ കോൺഗ്രസ് നേതൃത്വം മാറി. മരണത്തിൽ രണ്ടും മൂന്നും പ്രതികൾ സുധാകരനും സതീശനുമാണ്.
ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവച്ച് അനേഷണം നേരിടണം. ഈ ആവശ്യമുന്നയിച്ച് ഡിവൈഎഫ്ഐ പ്രക്ഷോഭം ശക്തമാക്കുമെന്നും സനോജ് പറഞ്ഞു.
ബത്തേരി മണിച്ചിറയിൽ വിജയന്റെ വീട്ടിലെത്തിയ സനോജ് വിജയന്റെ മകൻ വിജേഷിനെ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എൻ എം വിജയന്റെ വീട്ടിലെത്തി മകൻ വിജേഷുമായി സംസാരിക്കുന്നു





Leave a Reply