സി.പി.എം സമരം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരിനെതിരെ: പ്രശാന്ത് മലവയല്‍
കല്‍പ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഏഴു മാസമായിട്ടും പദ്ധതിയില്ലാതെ വഞ്ചനാപരമായ സമീപനം തുടരുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയാണ് സി പി എം ജില്ലാ കമ്മിറ്റി സമരം ചെയ്യേണ്ടതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു.ഏഴു മാസമായി ദുരന്തബാധിതരുടെ ലിസ്റ്റ് പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ക്രൂരതയാണ്. ദുരന്തത്തിനു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്നവര്‍ക്ക് ജീവിക്കാനുള്ള സംവിധാനങ്ങള്‍ നാട്ടിലെ ജനങ്ങള്‍ തന്നെ ഒരുക്കിയതാണ്.
വയനാടിനു വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോഴും എഴുനൂറ് കോടിക്ക് മുകളിലുണ്ട്. ഒരനുമതിക്കും കാത്തു നില്‍ക്കാതെ ചെലവഴിക്കാന്‍ സാധിക്കുന്ന ഫണ്ടായിട്ടു പോലും ദുരിതബാധിതര്‍ക്ക് വേണ്ടി നയാ പൈസ ചെലവാക്കിയിട്ടില്ലാത്ത നിലപാടിനെ സി.പി.എം ജില്ലാ നേതൃത്വം ചോദ്യം ചെയ്യണം.ഗോസോണും നോ ഗോസോണും ഉണ്ടാക്കി ജനങ്ങളെ വട്ടം കറക്കിയതും, ദുരന്തബാധിതര്‍ക്ക് നിരന്തരം മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും ചോദ്യം ചെയ്യണം.ദുരന്ത മുഖത്തേക്ക് എല്ലാ സഹായവും എത്തിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ള കോടികളുടെ കണക്കുകള്‍ ജനങ്ങള്‍ മറക്കാനും വകമാറ്റി ചെലവഴിക്കാനുമാണ്.ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ചതും നെടുമ്പാല എസ്റ്റേറ്റില്‍ നിന്നു പിന്‍മാറിയതും ഇതിന്റെ ഭാഗമാണ്. ദുരന്തത്തെ വിറ്റ് കാശാക്കുന്ന മനുഷ്യത്വരഹിത സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി പ്രക്ഷോഭം തുടരുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.





Leave a Reply