പുല്‍പ്പള്ളി പഞ്ചായത്തിന്റെ പദ്ധതികള്‍ അഭിമാനാര്‍ഹമെന്ന് പ്രിയങ്കാഗാന്ധി
പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാര്‍ഹമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് പ്രിയങ്കാഗാന്ധി എം പി.ലൈഫ് ഭവനപദ്ധതിയില്‍ അഞ്ഞൂറിലേറെ വീടുകള്‍, മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയില്‍ പതിനാലര കോടി രൂപ ചിലവഴിക്കാനായത് ഉള്‍പ്പെടെ നിരവധിയായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയതെന്നും എം പി പറഞ്ഞു.പുല്‍പ്പള്ള ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക.ഐ സി ബാലകൃഷ്ണന് എം എല്‍ എ അധ്യക്ഷനായിരുന്നു.
ടി സിദ്ധിഖ് എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരീജാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്, വൈസ് പ്രസിഡന്റ് ശോഭനാസുകു, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം ടി കരുണാകരന്, ശ്രീദേവി മുല്ലക്കല്‍, ജോളി നരിതൂക്കില്‍, ജോമറ്റ് സെബാസ്റ്റ്യന്‍, മണി പാമ്പനാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്നരവര്‍ഷത്തെ കഠിനപ്രയത്നമാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്. ഒരു കെട്ടിടത്തില്‍ തന്നെ വിവിധ വകുപ്പുകളുടെ ഓഫീസുകളടക്കം എല്ലാവിധ സൗകര്യങ്ങളും എളുപ്പത്തില്‍ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും എം പി പറഞ്ഞു. ഉരുള്ദുരന്തസമയത്ത് വളരെ വിഷമത്തിലും വേദനയിലും കഴിഞ്ഞപ്പോഴും എല്ലാവരും ഒരുമിച്ച് ദുരന്തബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധിച്ചിരുന്നു. അന്ന് രാഹുല്‍ഗാന്ധിയോടൊപ്പം പഞ്ചായത്ത്തലത്തില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. അന്ന് യോഗത്തിന് തൊട്ടുമുമ്പ് രാഹുല്‍ഗാന്ധി പറഞ്ഞത് കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ കൈവിരല്തുമ്പിലെന്ന പോലെ ദുരന്തബാധിതരെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് സമയത്തും ഏത് മുന്നണിയായാലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ചിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കഠിനപ്രയത്നമാണ് അന്ന് കാണാനായത്. വയനാടിനെ സംബന്ധിച്ച് നിരവധി പ്രതിസന്ധികളാണുള്ളത്. അതിലൊന്നാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി മനുഷ്യര്‍ക്കാണ് ജീവന് നഷ്ടമായത്. ജീവനും ജീവിതോപാദിയും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന അവസ്ഥയാണ്. ഈ വിഷയം ജില്ലാകലക്ടറുമായി സംസാരിച്ചിരുന്നു. നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. പ്രസ്തുത വിഷയം ലോക്സഭയില്‍ ഉന്നയിച്ചു. കഠിനമായ പ്രയത്നം ആവശ്യമുള്ള വിഷയമാണിത്. ഈ വിഷയത്തിന് ഒരുമിച്ച് നിന്നുകൊണ്ട് പരിഹാരം കാണാനാവണമെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ എല്ലാ എം പിമാരും ഉയര്‍ത്തിയ മറ്റൊരു പ്രശ്നം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വേതനം കുടിശികയായതാണ്. അത് ലഭ്യമാകുന്നതിനായുള്ള പരിശ്രമം തുടരുകയാണെന്നും എം പി പറഞ്ഞു.





Leave a Reply