മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി; പിണറായി മൂന്നാം തവണ മുഖ്യമന്ത്രിയാവില്ലെന്ന് കെ. മുരളീധരന്‍
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍, “ആരു തല കുത്തിനിന്നാലും പിണറായി വിജയന്‍ മൂന്നാം തവണ മുഖ്യമന്ത്രിയാവില്ല” എന്ന് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കണ്ണീര് വീഴ്ത്തിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആശാവര്‍ക്കര്‍മാരുടെ 90 ദിവസത്തെ സമരം, വനിതാ പോലീസ് ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം, ശ്രീമതി ടീച്ചറെ പുറത്താക്കിയത്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം, പേവിഷബാധ വാക്‌സിന്‍ എടുത്ത കുട്ടികളുടെ മരണം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ ഉന്നയിച്ചു. ആരോഗ്യ മന്ത്രിയെ പുറത്താക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലില്‍ നിന്ന് സേവനങ്ങള്‍ നല്‍കാതെ രണ്ട് കോടി രൂപ വാങ്ങിയെന്നും, സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പ്രതിയായതും, നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളാ ഹൗസില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഒരു ഡീലാണെന്നും അദ്ദേഹം ആരോപിച്ചു.
ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, പി.പി. ആലി, സി.പി. വര്‍ഗ്ഗീസ്, എന്‍.കെ. വര്‍ഗ്ഗീസ്, ടി.ജെ. ഐസക്, കെ.കെ. വിശ്വനാഥന്‍, കെ.ഇ. വിനയന്‍, സംഷാദ് മരക്കാര്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, എം.ജി. ബിജു, ബിനു തോമസ്, എന്‍.സി. കൃഷ്ണകുമാര്‍, കമ്മന മോഹനന്‍, ഡി.പി. രാജശേഖരന്‍, സി. ജയപ്രസാദ്, പി.ഡി. സജി, പി.കെ. അബ്ദുറഹ്‌മാന്‍, ശോഭന കുമാരി, ചിന്നമ്മ ജോസ്, എന്‍.യു. ഉലഹന്നന്‍, ബീന ജോസ്, ജി. വിജയമ്മ, പി.വി. ജോര്‍ജ്, പി. വിനോദ് കുമാര്‍, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, ഒ.ആര്‍. രഘു, നജീബ് കരണി, മോയിന്‍ കടവന്‍, പോള്‍സണ്‍ കൂവക്കല്‍, വര്‍ഗ്ഗീസ് മൂരിയങ്കാവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply