ചുരത്തിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻ്റ് ചെയ്തു
തിരുവനന്തപുരം: താമരശ്ശേരി ചുരത്തിലൂടെയുള്ള ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ആർപികെ 125 സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്.
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ശനിയാഴ്ച പുറപ്പെട്ട ബസ് ഞായറാഴ്ച രാവിലെയാണ് ചുരം കയറിയത്. ഈ സമയം ജയേഷ് ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാം വിധമാണ് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
വീഡിയോ വൈറലായതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തി. ജയേഷിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് വിജിലൻസ് കണ്ടെത്തി. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് പറഞ്ഞാണ് ജയേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.





Leave a Reply