മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർ ജാഗ്രതൈ; കർശന നടപടികൾ തുടർന്ന് വയനാട് പോലീസ്
കൽപ്പറ്റ: മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെയും അപകടമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടികൾ തുടർന്ന് വയനാട് പോലീസ്. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ആറു മാസത്തിനുള്ളിൽ 1189 കേസുകളും വാഹനപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന് 25 കേസുകളും രെജിസ്റ്റർ ചെയ്തു. ഇതിൽ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. 2025 ജനുവരി 1 മുതൽ ജൂൺ 23 വരെയുള്ള കണക്കാണിത്.
ജൂൺ എട്ടിന് മേപ്പാടി, മാപ്പിളത്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബൊലേറോ ഇടിപ്പിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വയോധിക മരണപ്പെടുകയും യുവാവിന് പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഡ്രൈവറടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നെല്ലാറച്ചാൽ വ്യൂ പോയിന്റിൽ ട്രാക്ടറുമായി അഭ്യാസപ്രകടനം നടത്തിയ ആൾക്കെതിരെയും കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. അനധികൃത റൈഡിംഗ് നടത്തിയതിനും പൊതുയിടത്തെ ശല്യത്തിനും പെർമിറ്റ് വയലേഷനടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്താനും വാഹനത്തിന്റെ പെർമിറ്റ് റദ്ദ് ചെയ്യുന്നതിനടക്കമുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.
മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിൽ കൽപ്പറ്റ സ്റ്റേഷനിലാണ് കൂടുതൽ കേസുകൾ(187) രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാനന്തവാടി സ്റ്റേഷനിൽ 138 കേസുകളും, ബത്തേരി സ്റ്റേഷനിൽ 136 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തു.
പരിശോധനകൾ കർശനമായി തുടരും- ജില്ലാ പോലീസ് മേധാവി
കൽപ്പറ്റ: വാഹന പരിശോധനകൾ കർശനമായി തുടരുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. മറ്റുള്ളവരുടെ ജീവന് ഹാനിയാകുന്ന അപകടപരമായ ഡ്രൈവിംഗ് അനുവദിക്കില്ല. പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചാൽ പൂർണ ഉത്തരവാദിത്തം മാതാപിതാക്കൾക്കും വാഹനഉടമകൾക്കുമായിരിക്കും.





Leave a Reply