May 26, 2026

നൂൽപ്പുഴയിൽ സിക്കിൾ സെൽ ചികിത്സാ കേന്ദ്രം: മൊബൈൽ മെഡിക്കൽ ക്യാമ്പുകളും സജീവം

0
IMG_20250703_195852
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപ്പുഴ : അരിവാൾ കോശ രോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് വയനാട് ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ 1.43 കോടി രൂപ ചെലവിൽ നിർമ്മിച്ച സിക്കിൾ സെൽ കെട്ടിടം ഈ മാസം പ്രവർത്തനം ആരംഭിക്കും. 2022-23 എൻ.എച്ച്.എം. ആർ.ഒ.പി. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

 

 

ദേശീയ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അരിവാൾ രോഗബാധിതർക്കായി മൊബൈൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ജില്ലയ്ക്ക് അനുവദിച്ച വാഹനം ഉപയോഗിച്ച് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ഈ ക്യാമ്പുകൾ നടത്തുന്നു. അരിവാൾ രോഗികളെ കണ്ടെത്തി അവർക്കാവശ്യമായ പോഷകാഹാരം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. രണ്ട് ലക്ഷം പേരെ സ്ക്രീനിംഗ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2023-24 സാമ്പത്തിക വർഷം 1,07,000 പേരെയും, 2024-25 സാമ്പത്തിക വർഷം 70,000 പേരെയും സിക്കിൾ സെൽ പി.ഒ.സി. ടെസ്റ്റ് വഴി സ്ക്രീൻ ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ എം.ആർ.എസ്. സ്കൂളുകളും പ്രീ-മെട്രിക് ഹോസ്റ്റലുകളും ഈ സ്ക്രീനിംഗിൽ ഉൾപ്പെടുന്നു.

 

ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും മാസത്തിലൊരിക്കൽ അരിവാൾ രോഗ ചികിത്സ ലഭ്യമാണ്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ എല്ലാ ദിവസവും ഒ.പി.യിൽ രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്. കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നു.

 

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബ്ലഡ് എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 കിടക്കകളോടുകൂടിയ സിക്കിൾ സെൽ അനീമിയ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സോഷ്യൽ വർക്കർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ സേവനം ലഭ്യമാണ്. അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കും ഇവിടെ സൗകര്യമുണ്ട്. ഇതിനോടകം ഒരു ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി അധികൃതർ അറിയിച്ചു.

 

രോഗനിർണ്ണയവും സഹായങ്ങളും:

ജില്ലയിലെ നിർണ്ണയ ഹബ്ബ് ആൻഡ് സ്പോക്ക് നെറ്റ്‌വർക്കിലൂടെ സിക്കിൾ സെൽ പോയിന്റ് ഓഫ് കെയർ (പി.ഒ.സി) ടെസ്റ്റിൽ പോസിറ്റീവായവരുടെ രക്ത സാമ്പിളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് എച്ച്.പി.എൽ.സി. പരിശോധനയ്ക്ക് വിധേയമാക്കുന്നു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പോഷകാഹാര കിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ മാസവും അരിവാൾ രോഗികൾക്ക് ഭക്ഷ്യകിറ്റും ഉറപ്പാക്കുന്നുണ്ട്.

 

നവജാത ശിശുക്കൾക്ക് രോഗനിർണ്ണയ പരിശോധന, സാമൂഹിക നീതി വകുപ്പ് മുഖേന എല്ലാ രോഗികൾക്കും യു.ഡി.ഐ.ഡി. കാർഡ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. പട്ടികവർഗ്ഗ വകുപ്പ് അരിവാൾ രോഗബാധിതരായ 40 വയസ്സിൽ താഴെയുള്ളവർക്ക് പ്രതിമാസം 2500 രൂപയും അല്ലാത്തവർക്ക് കെ.എസ്.എസ്.എം. മുഖേന 2000 രൂപയും പ്രതിമാസം നൽകി വരുന്നു. ഓരോ ജനകീയ ആരോഗ്യ കേന്ദ്ര പരിധിയിലും അരിവാൾ കോശ രോഗികൾക്ക് അവശ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള മാപ്പിംഗും ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news