എം.എല്‍.എ യുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട് സി.പി.എം നടത്തുന്ന കള്ള പ്രചരണങ്ങളെ ചെറുക്കും – യു.ഡി.എഫ്
കല്‍പ്പറ്റ: ഒരു കള്ളം നിരവധി തവണ ആവര്‍ത്തിച്ച് സത്യമാണെന്ന് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രം ഒരു ചെറിയ അംശം പോലും വിലപോവില്ലെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പറഞ്ഞു.
എത്ര തവണ കള്ളം പറഞ്ഞ് ഓരിയിട്ടാലും പ്രബുദ്ധ ജനതയ്ക്ക് അത് കള്ളമാണെന്ന് തിരിച്ചറിയാനുള്ള വിവേചന ശേഷിയുണ്ട്. കള്ളം ആവര്‍ത്തിച്ച് പുലമ്പി ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള സി.പി.എം, എല്‍.ഡി.എഫ് ശ്രമം ലജ്ജാകരമാണ്. ആരോപണ വിധേയമായ കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടത് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരാണ്. അതില്‍ എം.എല്‍.എ യോ, ഓഫീസോ ഒരുതരത്തിലും ബന്ധപ്പെട്ടില്ലെന്ന് മാത്രമല്ല ഒരു ഉദ്യോഗസ്ഥനെ പോലും വിളിച്ചിട്ട് പോലുമില്ല. ഈ സത്യം പോലീസിലും എല്ലാവര്‍ക്കുമറിയാം. എന്നിട്ടും പുലബന്ധമില്ലാത്ത വിഷയത്തില്‍ ആരോപണം ഉയര്‍ത്തുന്നത് മയക്ക് മരുന്ന് കേസ് അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥ•ാരെ രക്ഷപ്പെടുത്താനും, ഒരു തരത്തിലും ബന്ധപ്പെടാത്ത എം.എല്‍.എ ഓഫീസിനെ വിഷയത്തിലേക്ക് വലിച്ച് ഇഴച്ച് താറടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഈ ശ്രമത്തെ ചെറുക്കും. കേസില്‍ ആരോപണം ഉയര്‍ന്ന വ്യക്തി കേസ് നടക്കുമ്പോള്‍ എം.എല്‍.എ യുടെ ഗണ്‍മാനോ, ഓഫീസുമായോ യാതൊരു ബന്ധവുമില്ല. അദ്ദേഹം 2022 ല്‍ കേവലം 5 മാസമാണ് പ്രവര്‍ത്തിച്ചത്.
മയക്ക് മരുന്ന് വ്യാപനത്തിനും, മയക്ക് മരുന്ന് മാഫിയക്കുമെതിരെ വിട്ട് വീഴ്ച ഇല്ലാതെ നിയമസഭക്ക് അകത്തും പുറത്തും നിലപാട് സ്വീകരിച്ച ടി. സിദ്ധിഖ് എം.എല്‍.എ യെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. കള്ളക്കഥ പറഞ്ഞ് അദ്ദേഹത്തിനേയും, ഓഫീസിനേയും കളങ്കപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല. ജില്ലയിലെ സി.പി.എമ്മിന്റെ അകത്തെ ആഭ്യന്തര സംഘര്‍ഷം മൂലം പാര്‍ട്ടി നേതൃത്വം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും തടിതപ്പി ശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ നിര്‍മ്മിത ആരോപണങ്ങള്‍.
വികസന പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും, ക്ഷേമ-കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു ജനപ്രതിനിധി എന്ന വിലയില്‍ ടി.സിദ്ധിഖ് എം.എല്‍.എ നടത്തുന്ന എം.എല്‍.എ കെയറും, ജനസേവനങ്ങളും കല്‍പ്പറ്റയിലെ ജനങ്ങള്‍ക്ക് മുമ്പ് ഒരു കാലത്തും ലഭിക്കാത്ത ഏറ്റവും വലിയ ആശ്വാസകരമായ നടപടികളാണ്. ഇതിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന സി.പി.എം വ്യാജ ആരോപണങ്ങള്‍ ഓഫീസിനെതിരെ കൊണ്ടുവന്ന് തകര്‍ക്കാനുള്ള ശ്രമത്തെ ജനം ശക്തമായി പ്രതിരോധിക്കും.
കല്‍പ്പറ്റയിലെയും വയനാട്ടിലെയും ആയിരക്കണക്കിന് ആളുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസവും കരുതലും നല്‍കുന്ന എം.എല്‍.എ ഓഫീസ് കല്‍പ്പറ്റയിലെ ജനങ്ങളുടെ അഭയകേന്ദ്രമാണ്. അതിനെതിരെയുള്ള ഏത് നീക്കവും ഒരു കാരണവശാലും വിലപോകില്ലെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി. ഹംസ, കണ്‍വീനര്‍ പി.പി ആലി, ബി. സുരേഷ് ബാബു, സലീം മേമന, പോള്‍സണ്‍ കൂവയ്ക്കല്‍. ചന്ദ്രിക കൃഷ്ണന്‍, കടവന്‍ ഹംസ എന്നിവര്‍ പറഞ്ഞു.





Leave a Reply