ജൂലൈ 31-നകം ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ ഗ്യാസ് വിതരണം തടസ്സപ്പെടും; ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
മാനന്തവാടി: ജൂലൈ 31-നകം ഇ-കെവൈസി (ബയോമെട്രിക്) പൂർത്തിയാക്കാത്ത ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും നടപടിക്രമം പൂർത്തിയാക്കാത്തവർ എത്രയും വേഗം ഇ-കെവൈസി നിർവഹിക്കണമെന്ന് അറിയിപ്പ്. ഇതുവരെ ഒരിക്കലും ഇ-കെവൈസി ചെയ്യാത്ത എല്ലാ ഉപഭോക്താക്കളും ഇത് നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്. അതേസമയം, ഇതിനകം ഇ-കെവൈസി ചെയ്തിട്ടുള്ള സാധാരണ ഉപഭോക്താക്കൾ വീണ്ടും ചെയ്യേണ്ടതില്ല. എന്നാൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കളും നിലവിൽ സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളും എല്ലാ വർഷവും ഇ-കെവൈസി പുതുക്കി പൂർത്തിയാക്കേണ്ടതാണ്.
ഗ്യാസ് കണക്ഷൻ ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കിലോ, ഉടമ സ്ഥിരമായി വിദേശത്തോ പുറത്തോ ആയതിനാൽ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിലോ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് കണക്ഷൻ നിയമാനുസൃതമായ അല്ലെങ്കിൽ അർഹരായ അവകാശിയുടെ പേരിലേക്ക് മാറ്റിയ ശേഷം ഇ-കെവൈസി പൂർത്തിയാക്കാവുന്നതാണ്. ഇ-കെവൈസി ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ അക്ഷയ സെന്ററുകളിലും, സി.എസ്.സി (കോമൺ സർവീസ് സെന്റർ) കേന്ദ്രങ്ങളിലും, ബന്ധപ്പെട്ട ഇൻഡെയ്ൻ ഗ്യാസ് ഏജൻസിയിലും ലഭ്യമാക്കിയിട്ടുണ്ട്.
ജൂലൈ 31-നകം പരമാവധി ഉപഭോക്താക്കളുടെ ഇ-കെവൈസി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുകയും ബോധവൽക്കരണവും ആവശ്യമായ നിർദേശങ്ങളും നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് കുളങ്ങരത്ത് സയ ഇൻഡെയ്ൻ സർവീസസ് ഇ-കെവൈസി കോ-ഓർഡിനേറ്റർ സലീം കെ. പി. അറിയിച്ചു. അവസാന തീയതിയായ ജൂലൈ 31 വരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ഇ-കെവൈസി പൂർത്തിയാക്കി ഗ്യാസ് വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് അഭ്യർഥിച്ചു.





Leave a Reply