May 1, 2026

ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും; നടപടികൾ കടുപ്പിച്ച് വയനാട് പോലീസ്; ഒരാൾ പിറ്റ് എൻ ഡി പി എസ് പ്രകാരം തടങ്കലിൽ

0
IMG_20250712_202727
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള നടപടികൾ കടുപ്പിച്ച് വയനാട് പോലീസ്. ലഹരി കേസുകളിൽ നിരന്തരം ഉൾപ്പെടുന്നവരെ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം ഇനി തടങ്കലിലാക്കും.

 

ഈ നടപടികളുടെ ഭാഗമായി, മലപ്പുറം, ചെലേമ്പ്ര, ചെറുകാവ് പുതിയ കളത്തിൽ വീട്ടിൽ പി. മുഹമ്മദ് ഷമീം (26) എന്നയാളെ ബത്തേരി പോലീസ് പിടികൂടി ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

 

ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബത്തേരി പോലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള സംഘം 2025 ജൂലൈ 11-ന് കരിപ്പൂരിൽ വെച്ച് ഷമീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

 

ഷമീം ബത്തേരി, കരിപ്പൂർ സ്റ്റേഷനുകളിൽ ലഹരിക്കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 ഡിസംബറിൽ മുത്തങ്ങയിൽ വെച്ച് 54.09 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ ബത്തേരി പോലീസ് പിടികൂടിയിരുന്നു.

 

ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് പിറ്റ് എൻ ഡി പി എസ് നിയമം. കൂടുതൽ പേർക്കെതിരെ പിറ്റ് എൻ ഡി പി എസ് പ്രകാരം ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും, ലഹരി ഉപയോഗം, കടത്ത്, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ ശൃംഖലയിലെ ആളുകളെയും പിടികൂടുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *