June 20, 2026

സാക്ഷരതയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശേഷം’സ്മാര്‍ട്ട്’ പദ്ധതിയുമായി സാക്ഷരത മിഷന്‍

0
site-psd-267

കല്‍പ്പറ്റ:നൂറ് ശതമാനം നേട്ടം കൈവരിച്ച സാക്ഷരതയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശേഷം തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പുതിയ ‘സ്മാര്‍ട്ട്’ (ഓഫീസ് മാനേജ്മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍ കോഴ്‌സ്) പദ്ധതിയുമായി സംസ്ഥാന സാക്ഷരത മിഷന്‍.തുല്യത പഠിതാക്കള്‍ക്ക് ഓഫീസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ പ്രവീണ്യം നേടി തൊഴില്‍ നേടാന്‍ പര്യാപ്തമാക്കുന്ന കോഴ്‌സില്‍ എല്ലാവര്‍ക്കും ചേരാം.ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട് ജില്ലയിലാണ്.

സ്മാര്‍ട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25 ന് വയനാട് കണിയാമ്പറ്റ മില്ല് മുക്കിലെ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും.സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും തൊഴില്‍ നേടുന്നതിനാവശ്യമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും മാനേജ്‌മെന്റ് പരിശീലനവും ലക്ഷ്യമിട്ടാണ് പദ്ധതി.പി എസ് സി അംഗീകരിച്ച കോഴ്‌സില്‍ ചേരാനുള്ള യോഗ്യത പത്താം തരം ജയവും 17 വയസുമാണ്. ഉയര്‍ന്ന പ്രായപരിധിയില്ല. പഠിതാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിനും പ്ലേസ്‌മെന്റിനും സൗകര്യമുണ്ട്. 6500 രൂപയാണ് കോഴ്‌സ് ഫീ. സാക്ഷരത പഠിതാക്കള്‍ക്ക് 5000 രൂപ മതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസ് വേണ്ട.തുല്യത പഠിതാക്കളുടെ തൊഴില്‍ പരിശീലന ആവശ്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി രൂപകല്പന ചെയ്തത്.ഒരു ബാച്ചില്‍ 100 പേര്‍ ആയിരിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ച 1 വരെയും, ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 5 വരെയുമാണ് ക്ലാസുകള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ബാച്ചുകളുണ്ടാകും.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ മില്ല് മുക്കിലെ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്സ് നടക്കുക. രണ്ടാമത്തെ ക്ലാസ്സ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് തയാറായി വരുന്നു. കോഴ്‌സില്‍ ചേരാന്‍ ഓഗസ്റ്റ് 25 ന് തുടങ്ങുന്ന രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 30 വരെയുണ്ട്. രജിസ്‌ട്രേഷന്‍ കൂടുതലാണെങ്കില്‍ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും ക്ലാസുകള്‍ തുടങ്ങും.ഓഫീസ് മാനേജ്‌മെന്റ് & അഡ്മിനിസ്‌ട്രേഷന്‍ ട്രെയിനിങ്,ഡെസ്‌ക്ടോപ്, പബ്ലിഷിങ് & ഓപ്പണ്‍ സോഴ്സ് ടൂള്‍സ്,ഡിടിപി ടൂള്‍സ്, ഡിടിപി ടെക്‌നിക്‌സ് & ഇമേജ് എഡിറ്റിംഗ്, പ്രൊഡക്ഷന്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ് & പോര്‍ട്ട്‌ഫോളിയോ ഡെവലപ്പ്‌മെന്റ്,ഐഎസ്എം മലയാളം എന്നിവ ഉള്‍പ്പെട്ടതാണ് കോഴ്‌സ് സിലബസ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *