May 2, 2026

സി പി എം ജില്ലാസെക്രട്ടറി ബി ജെ പിയുടെ നാവായി അധപതിച്ചു: ടി സിദ്ധിഖ് എം എല്‍ എ

0
IMG_20250908_214846
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സി പി എം ജില്ലാസെക്രട്ടറി ബി ജെ പിയുടെ നാവായി അധപതിച്ചുവെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിഹാറിലും മറ്റും ഉന്നയിച്ച ‘വോട്ട് ചോരി’ പ്രചാരണത്തെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് തനിക്ക് ഇരട്ട വോട്ടുണ്ടെന്ന ആരോപണത്തിലൂടെ സി പി എം ജില്ലാ സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്. ബിജെപിക്ക് ഉപയോഗിക്കാന്‍ ഒരു ആയുധം കൊടുക്കുന്നതിലൂടെ ബിജെപിയുടെ ജിഹ്വയായി സിപിഎം ജില്ലാ സെക്രട്ടറി മാറി. യഥാര്‍ഥത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് മാറ്റണമെങ്കില്‍ ആ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ മാത്രമാണ് മാറ്റാന്‍ സാധിക്കുക. അതുമല്ലെങ്കില്‍ പുതുതായി ഉള്‍പ്പെടുത്താനാണ് സാധിക്കുക. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഫോം നാലു പ്രകാരം യഥാക്രമം അപേക്ഷ നല്‍കിയിരുന്നു. ഇതിനായി വോട്ടര്‍ ഐഡിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കിയത്. ഇതുപ്രകാരം പെരുമണ്ണയിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണെന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഹാന്‍ഡ് ബുക്കിലെ 6.11 ഖണ്ഡിക പ്രകാരം മനസിലാക്കാനാകും. പേരുള്‍പ്പെടുത്തുന്നതിനുള്ള സംഗതിയില്‍ അപേക്ഷകന്‍ മറ്റേതെങ്കിലും ഒരു വാര്‍ഡിലെ അല്ലെങ്കില്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ ഉടന്‍തന്നെ ആ വിവരം അയാളുടെ പേര് ഇതിനകം ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതും, അറിയിപ്പ് കിട്ടിയാലുടന്‍ ഈ ഉദ്യോഗസ്ഥന്‍ അയാളുടെ പേര് പട്ടികയില്‍ നിന്നും നീക്കം ചെയ്യേണ്ടതുമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ് ബുക്കില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് സി പി എം ജില്ലാസെക്രട്ടറി സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ ബി ജെ പിയുടെ വക്താവായി പ്രവര്‍ത്തിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. മാത്രമല്ല ഇതിന്റെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ട്. ഇത്തരത്തിലുള്ള തിരുത്തലുകള്‍ക്ക് തെരഞ്ഞെടുപ്പു നടക്കുന്നതിനു മുമ്പ് ഇനിയും അവസരവുമുണ്ട്. കോഴിക്കോട്ടെ വോട്ട് ഒഴിവാക്കണമെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടു നേരിട്ട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്. അത് നടപ്പാക്കേണ്ടതു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്. സി പി എം ജില്ലാ സെക്രട്ടറിയുടെ ആരോപണം ജില്ലയിലെ സി പി എമ്മിന്റെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. എന്നാല്‍ മറ്റുള്ളവരുടെ മേലെ വ്യാജ ആക്ഷേപങ്ങള്‍ ഉന്നയിച്ച് സ്വന്തം പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മറച്ചുപിടിക്കാമെന്നത് വ്യാമോഹം മാത്രമാണ്. വയനാട്ടിലെ സി പി എം കടുത്ത വിഭാഗീയതയിലൂടെയാണ് കടന്നു പോകുന്നത്. പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട ജില്ലാ സെക്രട്ടറിക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താന്‍ ബി ജെ പിയോടൊപ്പം ചേര്‍ന്ന് അവരുടെ നാവായി പ്രവര്‍ത്തിക്കുന്നത് സി പി എം നേതൃത്വം തിരിച്ചറിയണമെന്നും എം എല്‍ എ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *