May 4, 2026

സ്പര്‍ശ് പെന്‍ഷന്‍ പദ്ധതി: നാലാം വാര്‍ഷികാഘോഷം 16ന്

0
site-psd-268
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഓട്ടിസം ബാധിതര്‍ക്ക് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സ്പര്‍ശ് എന്ന പേരില്‍ നടപ്പാക്കിയ പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ നാലാം വാര്‍ഷികാഘോഷം 16ന് സെന്റ് ജോസഫ്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഓട്ടിസം ബാധിതരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹസംഗമം ആഘോഷത്തിന്റെ ഭാഗമാണ്. രാവിലെ 11ന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിനോദ്കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ.പി. ചാത്തുക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും. ഹിപ്നോട്ടിക് മൈന്‍ഡ് കൗണ്‍സലര്‍ ഷെഫീഖ് ഏളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തും.സെന്റ് ജോസഫ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോന്‍സ പ്രസംഗിക്കും.

വൈത്തിരി താലൂക്കിലെ ഓട്ടിസം ബാധിതരില്‍നിന്നു തെരഞ്ഞെടുത്ത 86 പേരാണ് സ്പര്‍ശ് പദ്ധതി ഗുണഭോക്താക്കളെന്ന് സൊസൈറ്റി പ്രസിഡന്റ് സൂപ്പി കല്ലങ്കോടന്‍, സെക്രട്ടറി കെ.പി. ബഷീര്‍, അംഗങ്ങളായ പി.കെ. അയ്യൂബ്, വി.പി. മുജീബ്, പി.പി. മുഹമ്മദ്, സ്പര്‍ശ് കോ ഓര്‍ഡിനേറ്റര്‍ ജുനീഷ് മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസം 1,000 രൂപ വീതമാണ് പെന്‍ഷനായി മണി ഓര്‍ഡര്‍ മുഖേന ലഭ്യമാക്കുന്നത്. ഭക്ഷ്യക്കിറ്റ്, മരുന്ന്, മറ്റു സഹായങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്. സ്പര്‍ശ് പദ്ധതിയില്‍ ലഭിച്ച 480 അപേക്ഷകളില്‍നിന്നാണ് 86 പേരെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്. പദ്ധതി നടത്തിപ്പിനും അനുബന്ധ ചെലവുകള്‍ക്കുമുള്ള പണം ഓരോ മാസവും സൊസൈറ്റി അംഗങ്ങളില്‍നിന്നാണ് സമാഹരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്കു കൂടുതല്‍ ഓട്ടിസം ബാധിതരെ സ്പര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് സൊസൈറ്റി തീരുമാനം.
14 വര്‍ഷമായി ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതാണ് സൊസൈറ്റി. കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദിവസവും രാവിലെ കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. വിശേഷദിവസങ്ങളില്‍ വീട്ടില്‍ പോകാനാകാതെ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും സഹായികള്‍ക്കും സദ്യ നല്‍കുന്നുണ്ട്. സൊസൈറ്റി ‘മംഗല്യം’ പദ്ധതിയില്‍ നിര്‍ധന കുടുംബാംഗങ്ങളായ 23 യുവതികളുടെ വിവാഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റെടുത്തു നടത്തി. ആംബുലന്‍സ് സേവനം, സഹായ ഉപകരണ വിതരണം, കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം, തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പുതപ്പുവിതരണം എന്നിവ നടത്തുന്ന സൊസൈറ്റി പാലിയേറ്റീവ്-ഹോം കെയര്‍ രംഗത്തും സജീവമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭയുമായി സഹകരിക്കുന്നുണ്ട്. രോഗി-ബന്ധു സംഗമം, വയോജന സംഗമം എന്നിവ വര്‍ഷംതോറും സംഘടിപ്പിക്കാറുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *