കേരളം ഭരിക്കുന്നത് ഉരുള്‍ദുരന്ത ബാധിതരുടെ അന്തിമ ഗുണഭോക്തൃലിസ്റ്റ് പോലും പൂര്‍ത്തീകരിക്കാനാവാത്ത സര്‍ക്കാര്‍: ടി സിദ്ദിഖ് എം എല്‍ എ
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ആരംഭം പുത്തുമലയിലെ ഹൃദയഭൂമിയില്‍ നിന്നും രാവിലെ 10 മണിക്ക് ആരംഭിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞ ആളുകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രാര്‍ഥന നടത്തിയാണ് മുഴുവന്‍ സ്ഥാനാര്‍ഥികളും പ്രചരണം ആരംഭിച്ചത്. ടി സിദ്ധിഖ് എം എല്‍ എ യുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികള്‍ പുഷ്പാര്‍ച്ചനക്കെത്തിയത്. ഉരുള്‍ദുരന്തബാധിതരുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പോലും ഇത്രയും കാലമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു. ഹൃദയഭൂമിയില്‍ നടന്ന പുഷ്പാര്‍ച്ചനക്കും പ്രാര്‍ഥനക്കും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനോപാദി ഉള്‍പ്പെടെ ഒരു കാര്യത്തിലും പൂര്‍ത്തീകരണം വരുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറിയപ്പോള്‍ പണം കൈയ്യിലുണ്ടായിട്ടും എഴുതിതള്ളാന്‍ സംസ്ഥാനസര്‍ക്കാരും തയ്യാറായിട്ടില്ല. പുത്തുമല പ്രകൃതിദുരന്തത്തിലെ ദുരന്തബാധിതര്‍ക്കായി ഉണ്ടാക്കിയ ഭവനങ്ങള്‍ ചോര്‍ന്നൊലിക്കുന്നത് പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ സമീപനം ഏറെ ഗൗരവകരമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഉരുള്‍പൊട്ടലിന്റെ പ്രതിസന്ധികള്‍ക്കിടയിലും എല്ലാ വാര്‍ഡുകളിലും ശതകോടികളുടെ വികസനത്തിന് നേതൃത്വം നല്കിയ യു ഡി എഫ് ഭരണത്തിന്റെ തുടര്‍ച്ചയുണ്ടാവണമെന്ന് ജനം ആഗ്രഹിക്കുന്നു.അതിന്റെ പ്രതിഫലനമാവും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ തുടങ്ങി എല്ലാവരും ഹൃദയഭൂമിയിലെത്തിയിരുന്നു.യു ഡി എഫ് കണ്‍വീനര്‍ പി പി ആലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു, സ്ഥാനാര്‍ഥികളായ ഷിഹാബ്, അഷ്റഫ് തുടങ്ങിയ നിരവധി പേര് സന്നിഹിതരായിരുന്നു.





Leave a Reply