July 23, 2026

ബിരുദധാരികള്‍ തൊഴില്‍ ദാതാക്കളാകണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

0
IMG_20251217_190655
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ബിരുദധാരികള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്‍കാന്‍ ഉതകുന്ന രീതിയില്‍ നൂതന സംരംഭകരാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോടിലെ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ ആസ്ഥാനത്ത് അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബിരുദധാരികളുടെ ലക്ഷ്യം ജോലി മാത്രമാകരുത്. പൗള്‍ട്രി സയന്‍സില്‍ കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ രണ്ട് സര്‍വകലാശാലകളില്‍ ഒന്നാണ് പൂക്കോടിലേത്. ഇത് അഭിമാനകരമാണ്. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തുവരെ തൊഴില്‍ അവസരമുണ്ട്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സര്‍വകലാശാലയ്ക്കു കീഴില്‍ സംരംഭകത്വ വികസനത്തിനു സെല്‍ തുടങ്ങും. സ്ത്രീധനത്തിനെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ ഒപ്പിട്ട് സമര്‍പ്പിച്ച നിവേദനം സംസ്ഥാനത്തിനു മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡലുകളും ബിവിഎസ്‌സി ആന്‍ഡ് എഎച്ച്, എംവിഎസ്‌സി, പിഎച്ച്ഡി, ബിടെക്(ഡയറി സയന്‍സ്), എംടെക്, ബിഎസ്‌സി(പിപിബിഎം). ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ചാന്‍സലറുമായ ഗവര്‍ണര്‍ കബനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

രജിസ്ട്രാര്‍ പ്രഫ.ഡോ.പി. സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. പ്രോ ചാന്‍സലറും മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രിയുമായ ജെ. ചിഞ്ചുറാണി സന്ദേശം നല്‍കി. കര്‍ഷകര്‍ക്ക് കൈത്താങ്ങാകേണ്ടത് ഓരോ ബിരുദധാരിയുടെയും ധര്‍മമാണെന്ന് അവര്‍ പറഞ്ഞു.

നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മീനേഷ് ഷാ ഓണ്‍ലൈനില്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍വകലാശാല ഭരണസമിതി ഇ.കെ. വിജയന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, സര്‍വകലാശാല അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രഫ.ഡോ സി. ലത, ഫാക്കല്‍റ്റി ഡീന്‍മാരായ പ്രഫ.ഡോ.കെ. അല്ലി, പ്രഫ.ഡോ.എ.കെ. ബീന, ഡയറക്ടര്‍മാര്‍, ഭരണസമിതി, മാനേജ്‌മെന്റ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. കെ.എസ്. അനില്‍ സ്വാഗതം പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *