ഹോംസ്റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
അമ്പലവയൽ: ഹോംസ്റ്റേ കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും കൈവശം വെച്ച രണ്ടു യുവാക്കളെ പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. ആയിരംകൊല്ലി കണക്കയിൽ വീട്ടിൽ കെ. സൽമാൻ ഫാരിസ് (31), കണ്ണൂർ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടിൽ ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. എം.ജി റോഡിനടുത്തുള്ള പിള്ളാസ് ഹോംസ്റ്റേയിൽ മുറിയെടുത്ത് താമസിച്ചിരുന്ന ഇവരിൽ നിന്ന് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ദിൽഷാദിന്റെ പേഴ്സിലെ സിപ് ലോക്ക് കവറിൽ നിന്ന് 3 ഗ്രാം എം.ഡി.എം.എയും സൽമാൻ ഫാരിസിന്റെ പോക്കറ്റിൽ നിന്ന് 2.40 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ജെ എൽദോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സനൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രഭാകരൻ, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അൻസാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





Leave a Reply