പുഞ്ചിരിമട്ടം ദുരന്തബാധിതരെ കോണ്‍ഗ്രസ് കബളിപ്പിക്കുന്നു: രാഷ്ട്രീയ യുവജനതാദള്‍
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരെ കോണ്‍ഗ്രസ് നിരന്തരം കബളിപ്പിക്കുകയാണെന്ന് രാഷ്്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മേപ്പാടി ഡിവിഷന്‍ മെംബറുമായ അജ്മല്‍ സാജിത്, നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജന്‍ കൈപ്പ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം ഉണ്ടായതിനു പിന്നാലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് ഭവന പദ്ധതി. നൂറിലധികം വീടുകള്‍ നിര്‍മിച്ച് കൈമാറുമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് 30 വീടും പ്രഖ്യാപിച്ചു. ഇതുവരെ കോണ്‍ഗ്രസോ, യൂത്ത് കോണ്‍ഗ്രസോ ഭവനനിര്‍മാണത്തിന് സ്ഥലം വാങ്ങിയില്ല. കോണ്‍ഗ്രസ് നേതാവും നിയോജകമണ്ഡലം എംഎല്‍എയുമായ ടി. സിദ്ദിഖ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ടും ദുരന്തബാധിതര്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ നാടകം കളിക്കുകയാണ്. കോണ്‍ഗ്രസ് ഭവന പദ്ധതിയുടെ ശിലാസ്ഥാപനം ഡിസംബര്‍ 28ന് നടത്തുമെന്നു നേരത്തേ പറഞ്ഞു. ഭവന നിര്‍മാണത്തിന് ഈ മാസം തുടക്കമാകുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഭവന പദ്ധതിക്കു കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയത് മേപ്പാടി പഞ്ചായത്ത് 18-ാം വാര്‍ഡിലെ കുന്നമ്പറ്റയില്‍ മൂന്ന് ഏക്കര്‍ സ്ഥലമാണെന്നാണ് അറിയുന്നത്. ഭൂവുടമയ്ക്ക് അര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയതായും വിവരമുണ്ട്. ഈ ഭൂമി വന്യജീവി ശല്യം അതിരൂക്ഷമായ പ്രദേശത്താണ്. ചുറ്റുമുള്ള കാടുപിടിച്ച പ്ലാന്റേഷനുകള്‍ കാട്ടാനകളുടെ വിഹാരഭൂമിയാണ്. ഇവിടെ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുന്നമ്പറ്റയിലെ ഭൂമി വിലയ്ക്കുവാങ്ങി ഭവന നിര്‍മാണം നടത്തുന്നതു അനുചിതമാണെന്നും രാഷ്ട്രീയ യുവജനതാദള്‍ നേതാക്കള്‍ പറഞ്ഞു.





Leave a Reply