മൂടിക്കെട്ടിയ അന്തരീക്ഷം കാപ്പി കർഷകരെ വലയ്ക്കുന്നു
കല്‍പ്പറ്റ: മൂടിക്കെട്ടിയ അന്തരീക്ഷം ജില്ലയിലെ കാപ്പിക്കര്‍ഷകരെ വലയ്ക്കുന്നു. വിളവെടുക്കുന്ന കാപ്പിക്കുരു സമയബന്ധിതമായി ഉണക്കാനും കുത്തി പരിപ്പാക്കാനും കഴിയാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. ചെടികളില്‍നിന്നു പറിച്ച് കളത്തിലോ മുറ്റത്തോ നിരത്തുന്ന കാപ്പിക്കുരു കുത്തിപ്പരിപ്പാക്കാന് പരുവത്തില്‍ ഉണങ്ങുന്നതിനു എട്ട് വെയിലെങ്കിലും കൊള്ളണം. കട്ടിയിലാണ് കാപ്പിക്കുരു കളത്തില്‍ വിരിക്കുന്നതെങ്കില്‍ നന്നായി ഉണങ്ങുന്നതിനു രണ്ടാഴ്ചയോളം എടുക്കും. വലിയ തോതില്‍ കൃഷിയുള്ളവര്‍ ഘട്ടങ്ങളായാണ് കാപ്പി വിളവെടുത്ത് കളത്തിലിട്ട് വെയില് കൊള്ളിക്കുന്നത്. ഒരു മാസമായി ജില്ലയില്‍ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അതിനാല്‍ത്തന്നെ കാപ്പിക്കുരു പാകത്തില്‍ ഉണങ്ങാന്‍ ദിവസങ്ങളോളം കളത്തില്‍ ഇടേണ്ട സ്ഥിതിയാണെന്നു പനമരം കരിമ്പുമ്മലിലെ കര്ഷകന് പാമ്പനാല്‍ ശിവദാസ് പറഞ്ഞു. വിളവെടുത്ത കാപ്പിക്കുരു കൈയില്‍ വാരി ചെവിയോടടുപ്പിച്ച് കിലുക്കി നോക്കിയാണ് കര്‍ഷകര്‍ ഉണക്ക് ഉറപ്പുവരുത്തുന്നത്. കുരുക്കള്‍ പാകത്തിനു ഉണങ്ങിയെങ്കില്‍ കിലുക്കം കേള്‍ക്കാം. കാലാവസ്ഥയിലെ വ്യതിയാനം കാപ്പിക്കൃഷിക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രതിസന്ധിയാണെന്നു സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ജെ. ദേവസ്യ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രമുഖ കാപ്പി ഉത്പാദക പ്രദേശമാണ് വയനാട്. കോഫി ബോര്‍ഡിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 67,560 ഹെക്ടറിലാണ് കാപ്പിക്കൃഷി. ഇത് സംസ്ഥാനത്തെ ആകെ കാപ്പിക്കൃഷിയുടെ 80 ശതമാനത്തിനടുത്താണ്. 60,000നു മുകളിലാണ് ജില്ലയില്‍ കാപ്പിക്കര്‍ഷകരുടെ എണ്ണം. ചെറുകിടക്കാരാണ് ഇതില്‍ ഭൂരിപക്ഷവും. ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കാപ്പിക്കൃഷിയുണ്ട്. 70,000-75,000 ടണ്‍ ഉണ്ടക്കാപ്പിയാണ് ജില്ലയിലെ പ്രതിവര്‍ഷ ഉത്പാദനം. നവംബര്‍ രണ്ടാം പകുതിയോടെ തുടങ്ങി ഫെബ്രുവരി ആദ്യം വരെ നീളുന്നതാണ് ജില്ലയിലെ കാപ്പി വിളവെടുപ്പ് സീസണ്.
ഗതകാലത്തെ അപേക്ഷിച്ച് കൂടുതല്‍ കര്‍ഷകര്‍ കാപ്പിക്കൃഷിയിലേക്ക് തിരിയുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് പറഞ്ഞു. കൃഷിയിടങ്ങളില്‍ നട്ടുപരിപാലിക്കുന്നതിന് മേത്തരം കാപ്പിച്ചെടികള്‍ കുടകിലേതടക്കം നഴ്സറികളില്‍ അന്വേഷിക്കുകയാണ് കര്‍ഷകര്‍. ഉയര്‍ന്ന വിലയാണ് ഭൂവുടമകള്‍ കാപ്പിക്കൃഷിയിലേക്ക് തിരിച്ചുനടക്കാന്‍ ഇടയാക്കിയത്. ഇപ്പോള്‍ കാപ്പിപ്പരിപ്പ് ക്വിന്റലിന് 35,000 രൂപ വിലയുണ്ട്. 2018ല്‍ ഉണ്ടക്കാപ്പി ചാക്കിനു 4,000ഉം പരിപ്പ് ക്വിന്റലിനു 13,500ഉം രൂപയാണ് വില ലഭിച്ചത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കൊടുവില്‍ 2023 തുടക്കത്തിലാണ് കാപ്പി വില ഉയരാന്‍ തുടങ്ങിയത്. കാലാവസ്ഥയിലെ താളപ്പിഴമൂലം ബ്രസീല്‍, കൊളംബിയ, ഇന്തൊനീഷ്യ, കെനിയ എന്നിവിടങ്ങളില്‍ കാപ്പി ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവും കര്‍ണാടകയിലെ കുടക്, കേരളത്തിലെ വയനാട്, ഇടുക്കി, നെല്ലിയമ്പാതി പ്രദേശങ്ങളില്‍ ഉത്പാദനം വര്‍ധിക്കാത്തതും ഉയര്‍ന്ന ഡിമാന്‍ഡുമാണ് ആഭ്യന്തര വിപണിയില്‍ കാപ്പിവില ഉയരുന്നതിനു സഹായകമായത്.
മറ്റിടങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ കാപ്പി ഉത്പാദനക്ഷമത കുറവാണ്. ജില്ലയില്‍ ഏക്കറിന് ശരാശരി 320 കിലോഗ്രാം കാപ്പിപ്പരിപ്പാണ് ഉത്പാദനം. എന്നാല്‍ കര്‍ണാടകയിലെ കുടകില്‍ ഇത് ഏക്കറില്‍ ശരാശരി 1,000 കിലോഗ്രാമാമാണ്. രാജ്യത്ത് കാപ്പി ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. നിലവില്‍ രാജ്യത്ത് പ്രതിവര്‍ഷ കാപ്പി ഉത്പാദനം 3.5 ലക്ഷം ടണ്ണാണ്. അടുത്ത 25 വര്‍ഷത്തോടെ ഉത്പാദനം ഇരട്ടിയാക്കുകയാണ് ബോര്‍ഡ് ലക്ഷ്യം. കേരളത്തിലെ പ്രമുഖ കാപ്പി ഉത്പാദക മേഖല എന്ന നിലയില്‍ കോഫി ബോര്‍ഡിന്റെ പുതിയ പദ്ധതികളുടെ ഗുണം വയനാടിനും ലഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷ. ലോകബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെ വയനാട്ടില്‍ കാര്‍ഷിക മേഖലയില്‍ കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന കേര അടക്കം പദ്ധതികളില്‍ കാപ്പിക്കൃഷിക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ജില്ലയിലെ ചെറുകിട കര്‍ഷകരില്‍ അധികവും സ്വന്തമായി ജലസേചന സൗകര്യം ഇല്ലാത്തവരാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കോഫി ബോര്‍ഡ് ഇടപെടല്‍ നടത്തിവരികയാണ്.





Leave a Reply