പൂപ്പൊലി നികുതി വിവാദം കനക്കുന്നു; അമ്പലവയൽ പഞ്ചായത്ത് നിയമനടപടിയിലേക്ക്
കൽപറ്റ: അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ (ആർ.എ.ആർ.എസ്) കീഴിൽ സംഘടിപ്പിക്കുന്ന പ്രശസ്തമായ പൂപ്പൊലി പുഷ്പോത്സവം വീണ്ടും വിവാദങ്ങളുടെ കണ്ണിയിൽ. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയതും ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിച്ചതുമായ ഈ മേളയിൽ നിന്ന് പഞ്ചായത്തിന് അർഹമായ വിനോദ നികുതി അടച്ചിട്ടില്ലെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്. ഇതോടെ അമ്പലവയൽ പഞ്ചായത്ത് നിയമനടപടിക്ക് തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ രണ്ടുവർഷങ്ങളായി സ്വകാര്യ ഏജൻസിയാണ് പൂപ്പൊലി നടത്തിവരുന്നതെന്നും, അതിനാൽ വിനോദ നികുതി അടയ്ക്കേണ്ട ഉത്തരവാദിത്തം ഏജൻസിക്കാണെന്നും പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഏജൻസിയുമായി ആർ.എ.ആർ.എസ് ഒപ്പുവച്ച കരാറിൽ ഇതു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നികുതി ഒഴിവാക്കാൻ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നു തന്നെ അണിയറ നീക്കങ്ങൾ നടന്നുവെന്നതാണ് ഉയരുന്ന ഗുരുതര ആരോപണം.
മുൻ ഭരണസമിതിയുടെ കാലത്ത് നികുതി കുടിശ്ശികയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നു. ഇതിന്റെ ഫലമായി, 2015ൽ ആരംഭിച്ച പൂപ്പൊലിയുടെ പത്താം എഡിഷൻ നടക്കുമ്പോഴും, ഇതുവരെ പഞ്ചായത്തിലേക്ക് ഒരു രൂപ പോലും വിനോദ നികുതിയായി എത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം.
യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെയാണ് വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത്. പഞ്ചായത്തിന് നിയമപരമായി ലഭിക്കേണ്ട വിനോദ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് രണ്ടാമതും നോട്ടീസ് അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് നിയമനടപടികൾക്ക് തുടക്കം കുറിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
ഏഴ് ശതമാനം വിനോദ നികുതിയാണ് തദ്ദേശ സ്ഥാപനത്തിന് അടയ്ക്കേണ്ടതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. മറ്റ് പൊതുപരിപാടികളിൽ ഇത് കൃത്യമായി ഈടാക്കുമ്പോൾ, സർക്കാർ സ്ഥാപനം തന്നെ നിയമ നിർദേശങ്ങളെ അവഗണിക്കുന്നതായാണ് പഞ്ചായത്ത് ആരോപിക്കുന്നത്. ഉന്നത സ്വാധീനങ്ങൾ ഉപയോഗിച്ചാണ് പഞ്ചായത്തിന് അർഹമായ വരുമാനം നഷ്ടപ്പെടുന്നതെന്നും ആരോപണമുണ്ട്. കണക്കുകൾ പ്രകാരം, ഇതുവരെ കോടിയിലധികം രൂപയുടെ നഷ്ടമാണ് പഞ്ചായത്തിന് സംഭവിച്ചിരിക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് പ്രവേശന ടിക്കറ്റ് വാങ്ങിയാണ് പരിപാടി നടത്തുന്നതെന്നതിനാൽ വിനോദ നികുതിയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. സീൽ ഇല്ലാത്ത ടിക്കറ്റുകൾ വിൽക്കുന്നതായും, പ്രവേശന ടിക്കറ്റിന് പുറമെ മറ്റ് വിനോദങ്ങൾ കാണാൻ അമിത നിരക്ക് ഈടാക്കുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
അതേസമയം, വിനോദ നികുതിയിൽ ഇളവ് തേടി അപേക്ഷ നൽകിയിട്ടുണ്ടെന്ന നിലപാടിലാണ് ആർ.എ.ആർ.എസ്. പൂപ്പൊലി വിനോദത്തിനപ്പുറം കർഷകർക്ക് വിജ്ഞാനം പകർന്നുനൽകാനും, നടീൽ വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള പരിപാടിയാണിതെന്നും, ഗവേഷണവും വിജ്ഞാന വ്യാപനവുമാണ് മുഖ്യലക്ഷ്യമെന്നതിനാൽ നികുതി ഇളവിന് അർഹതയുണ്ടെന്നും ഗവേഷണ കേന്ദ്രം വിശദീകരിക്കുന്നു.
വിനോദമോ വിദ്യാഭ്യാസമോ എന്ന തർക്കത്തിനിടയിൽ, നിയമം ആരെ അനുകൂലിക്കുമെന്നതാണ് ഇനി നിർണായകം. പൂപ്പൊലി വിവാദം നിയമവഴിയിലേക്ക് നീങ്ങുമ്പോൾ, അന്തിമ തീരുമാനം പഞ്ചായത്തിന്റെയും ഗവേഷണ കേന്ദ്രത്തിന്റെയും ഭാവി ബന്ധത്തെ തന്നെ സ്വാധീനിക്കുമെന്നുറപ്പ്.





Leave a Reply