മനോരമ ന്യൂസ് ‘പെൺതാരം’ പുരസ്കാരം പുൽപ്പള്ളി സ്വദേശി സിന്ധു ജോബിക്ക്; വ്യക്തിഗത സംരംഭകരിൽ ഒന്നാമത്
പുൽപ്പള്ളി: മനോരമ ന്യൂസ് സംഘടിപ്പിച്ച ‘പെൺതാരം’ ഗ്രാൻഡ് ഫിനാലെയിൽ മികച്ച വ്യക്തിഗത വനിതാ സംരംഭകയ്ക്കുള്ള ഒന്നാം സ്ഥാനം പുൽപ്പള്ളി വേലിയമ്പം സ്വദേശി സിന്ധു ജോബി സ്വന്തമാക്കി. രണ്ട് ലക്ഷം രൂപയും പുരസ്കാരവുമാണ് അവാർഡ് ജേതാവായ സിന്ധുവിന് ലഭിച്ചത്. സംസ്ഥാനത്തെ മുപ്പതോളം വനിതാ സംരംഭകത്വ കൂട്ടായ്മകളിൽ നിന്നും വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്.
വനമേഖലയോട് ചേർന്നുകിടക്കുന്ന വേലിയമ്പത്തെ തങ്ങളുടെ കൃഷിയിടത്തിൽ വന്യമൃഗശല്യത്തെ അതിജീവിച്ച് വിജയകരമായി മത്സ്യകൃഷി നടപ്പിലാക്കിയതാണ് സിന്ധുവിനെ പുരസ്കാരത്തിന് അർഹയാക്കിയത്. കേവലം മത്സ്യകൃഷിയിൽ മാത്രം ഒതുങ്ങാതെ നാണ്യവിളകൾ, വിവിധയിനം പുഷ്പങ്ങൾ, മുളക്കൂട്ടങ്ങൾ, പഴവർഗങ്ങൾ എന്നിവ സമന്വയിപ്പിച്ച് ജൈവവൈവിധ്യം നിലനിർത്തിക്കൊണ്ടുള്ള സിന്ധുവിന്റെ വേറിട്ട കൃഷിരീതി ഗ്രാൻഡ് ഫിനാലെയിൽ ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. നേരത്തെ ഫിഷറീസ് വകുപ്പിന്റെ ബ്ലോക്ക് തലത്തിലുള്ള മികച്ച യുവ മത്സ്യകർഷക പുരസ്കാരവും സിന്ധുവിന് ലഭിച്ചിട്ടുണ്ട്. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന ഭർത്താവ് ജോബീഷ് ജോസഫും മക്കളായ ഇവാൻ, എവിൻ, എലൈൻ മരിയ എന്നിവരും സിന്ധുവിന്റെ കാർഷിക വിജയങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.





Leave a Reply