ഒടുവിൽ കോൺഗ്രസ് ഭൂമി വാങ്ങി
കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച ഭവന പദ്ധതിയുമായി കോൺഗ്രസ് മുന്നോട്ട്. പദ്ധതിക്കായി മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമി പാർട്ടി രജിസ്റ്റർ ചെയ്തു. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ദുരന്തബാധിതർക്ക് 100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനത്തിൽ മെല്ലെപ്പോക്ക് നടക്കുന്നുവെന്ന ഇടതുപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കിടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായത്. ഓരോ കുടുംബത്തിനും എട്ട് സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടുമാണ് നൽകാൻ ഉദ്ദേശിക്കുന്നത്.
നേരത്തെ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകൾ ഉൾപ്പെടെ ആകെ 130 വീടുകൾ നിർമ്മിക്കാനായിരുന്നു തീരുമാനമെങ്കിലും, മാറിയ സാഹചര്യത്തിൽ 100 വീടുകൾ സംയുക്തമായി നിർമ്മിക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി യൂത്ത് കോൺഗ്രസ് സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിക്കഴിഞ്ഞു. കുന്നമ്പറ്റയിലെ സ്ഥലത്തിന് പുറമെ മറ്റ് രണ്ട് ഇടങ്ങളിൽ കൂടി ഉടൻ ഭൂമി വാങ്ങാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കി വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.





Leave a Reply