April 16, 2026

വനിതാ പോലീസിന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വേണം: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം

0
IMG_20260216_200722
By ന്യൂസ് വയനാട് ബ്യൂറോ

 

 

കമ്പളക്കാട്: മാറുന്ന കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും കേസന്വേഷണങ്ങൾ കാര്യക്ഷമമാക്കുന്നതിനും വനിതാ പോലീസിന്റെ സേവനം അത്യന്താപേക്ഷിതമാണെന്നും, അതിനാൽ വയനാട് ജില്ലയിലെ വനിതാ പോലീസിന്റെ കുറവ് പരിഹരിക്കാൻ പ്രത്യേക റിക്രൂട്ട്മെന്റ് അനുവദിക്കണമെന്നും കേരള പോലീസ് അസോസിയേഷൻ 39-ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പോലീസിലെ വനിതാ പ്രാതിനിധ്യം 20 ശതമാനമാക്കുന്നതിന്റെ ഭാഗമായി 9:1 എന്ന അനുപാതത്തിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവുണ്ടെങ്കിലും, നിലവിലെ സംസ്ഥാനതല പി.എസ്.സി നിയമന രീതി വയനാട് പോലുള്ള ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാവുകയാണ്. മത്സരപരീക്ഷകളിൽ മറ്റ് ജില്ലകളിലുള്ളവരോട് പിന്നിലായിപ്പോകുന്നതിനാൽ വയനാട്ടിൽ നിന്നുള്ളവർക്ക് നിയമനം കുറവാണെന്നും മറ്റ് ജില്ലക്കാർ ഇവിടേക്ക് ഓപ്ഷൻ നൽകാൻ താല്പര്യം കാണിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നിലവിൽ ജില്ലയിൽ അനുവദിക്കപ്പെട്ട 117 വനിതാ സി.പി.ഒ തസ്തികകളിൽ പകുതിയോളം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത് ജോലിഭാരം വർദ്ധിപ്പിക്കുകയും സേവനങ്ങളെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ ഒഴിവുകൾക്കായി പ്രത്യേകം പരീക്ഷ നടത്തി വയനാട്ടിലെ സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ മുൻഗണന നൽകണമെന്നാണ് സമ്മേളനത്തിലെ പ്രധാന ആവശ്യം.

 

കണിയാമ്പറ്റ മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ഒ.എ ജില്ലാ സെക്രട്ടറി കെ.കെ. അബ്ദുൾ ഷെരീഫ്, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ഇന്ദു, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. കെ.പി.എ സംസ്ഥാന ട്രഷറർ എം.എം. അജിത്ത് കുമാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം.ബി. ബിഗേഷ് വരവ്-ചെലവ് കണക്കും, പി.ജി. രതീഷ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രമേയങ്ങൾ കെ.എം. മുഹമ്മദ് ഷദീർ, എൻ.പി. അർഷദ എന്നിവർ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. അജീഷ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ പി.എ. ഹാരിസ് നന്ദിയും രേഖപ്പെടുത്തി. സി. വിനീഷ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, സംസ്ഥാന നിർവാഹക സമിതിയംഗം കെ.എം. ശശിധരൻ, സി.കെ. നൗഫൽ എന്നിവർ പങ്കെടുത്തു.

കെ പി എ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *