കാരുണ്യ റീഫണ്ട് വിതരണം വൈകുന്നത് പ്രതിഷേധാർഹം; അടിയന്തര പരിഹാരം കാണണം – എസ്ഡിപിഐ
മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നത് പ്രതിഷേധാർഹമാണെന്നും, അർഹരായവർക്ക് തുക ഉടൻ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക്, അവിടെ ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വരാറുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകളുടെ ബില്ലുകൾ ഡിസ്ചാർജ് വേളയിൽ സമർപ്പിച്ചാൽ അത് റീഫണ്ട് ചെയ്ത് നൽകണമെന്നാണ് നിയമം. എന്നാൽ നിയമാനുസൃതം അപേക്ഷ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് കടം വാങ്ങിയും മറ്റും ചികിത്സ നടത്തുന്ന സാധാരണക്കാരായ രോഗികളെയും അവരുടെ കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കുന്നു.
ഫണ്ട് ക്ഷാമം ചൂണ്ടിക്കാട്ടി അപേക്ഷകൾ നീട്ടിക്കൊണ്ടുപോകുന്നത് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തെ അട്ടിമറിക്കുന്നതാണ്. അർഹരായ രോഗികളുടെ കുടിശ്ശിക അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഇടപെടൽ നടത്തണം. ഭാവിയിൽ ഇത്തരം കാലതാമസം ഒഴിവാക്കാൻ കൃത്യമായ ധനവിനിയോഗ സംവിധാനം ഉറപ്പാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ ഷുഹൈബ് ടി കെ, കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ആലി പി, സുമയ്യ പി കെ, ഖദീജ ടി, നുഹ്മാൻ, സാദിഖ് വി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply