ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്: ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22 ന്
കൽപ്പറ്റ: കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രമേയമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെ തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 22 ന് രാവിലെ 9.30 മുതല്‍ നടക്കും. രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചയ്ക്ക് 1.30 ന് സ്കൂള്‍ വിഭാഗം മത്സരവുമാണ് നടക്കുക. വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ജില്ലാതല ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസില്‍ സ്കൂള്‍, കോളേജ് വിഭാഗങ്ങളിലായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി മത്സരിച്ചത്. സ്കൂള്‍തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ്തലത്തില്‍ ആദ്യ മൂന്ന് സ്ഥാനകാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡ്, പ്രശസ്തി പത്രം, മെമെന്റോ എന്നിവ ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിക്കുന്നത്.
സംസ്ഥാനതല മത്സര വിജയികള്‍ക്ക് 22 ന് വൈകിട്ട് 4.30 ന് നടക്കുന്ന സമാപന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനദാനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാവുന്ന പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു, മേയര്‍ വി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി സുഭാഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, കോളെജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ സുധീര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജി സന്തോഷ് എന്നിവര്‍ സംസാരിക്കും.





Leave a Reply