ഡി.എം.ഒ ഓഫീസിൽ ചൂല് വെച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
മാനന്തവാടി: കേരളത്തിലെ ആരോഗ്യ വകുപ്പിലെ തുടർച്ചയായ ചികിത്സാ പിഴവുകൾക്കും വയനാട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു. വയനാട് മെഡിക്കൽ കോളേജിൽ ദേവി എന്ന യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ തുണി വെച്ച് തുന്നിയ സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി ആരോഗ്യ മന്ത്രിയെ ചൂലായി സങ്കൽപ്പിച്ച് ഡി.എം.ഒ ഓഫീസിന് മുന്നിൽ ചൂല് കെട്ടിവെച്ച് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ്, ഡിന്റോ ജോസ്, ആഷിക് മൻസൂർ, സിബി നീർവാരം, ഷംസീർ അരണപ്പാറ, ഷിനു ജോൺ, മുബാരിഷ് ആയാർ, ഹർഷൽ കെ., ആസിഫ് സഹിർ, ബേസിൽ സാബു, വിനിഷ് വി.സി, ജിജേഷ് ഗോപി, ജസ്വിൻ എന്നിവർ സംസാരിച്ചു.





Leave a Reply