പൊതുവഴി കയ്യേറി മതിൽ നിർമ്മാണം: അധികൃതർക്ക് പരാതി നൽകി
പനമരം: കുളിവയൽ ഏഴാം മൈൽ ചിക്കണംകുന്ന് പി.കെ ക്വാർട്ടേഴ്സിന് സമീപം മൂന്ന് പതിറ്റാണ്ടോളമായി പ്രദേശവാസികൾ ഉപയോഗിക്കുന്ന പൊതുവഴി കയ്യേറി സ്വകാര്യ വ്യക്തികൾ മതിൽ നിർമ്മിക്കുന്നതായി പരാതി. ആറടിയോളം വീതിയുള്ള വഴിയിൽ അമ്പത് മീറ്ററോളം നീളത്തിൽ ചെത്തുകല്ല് ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. ഇത് സംബന്ധിച്ച് ദുരിതത്തിലായ കുടുംബങ്ങൾ സബ് കളക്ടർ, ഭൂമിരേഖാ വിഭാഗം തഹസിൽദാർ, ഡി.വൈ.എസ്.പി, പനമരം ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നിവർക്ക് പരാതി നൽകി.
വഴിയുടെ വലതുവശത്ത് പത്തടിയിലേറെ താഴ്ചയുള്ള കിണർ സ്ഥിതി ചെയ്യുന്നതിനാൽ, പുതിയ മതിൽ നിർമ്മാണം വഴി ഇടുങ്ങിയതാക്കുന്നത് കുട്ടികളും മുതിർന്നവരുമടങ്ങുന്ന യാത്രക്കാർക്ക് വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. കൂടാതെ മഴ പെയ്താൽ മണ്ണൊലിപ്പിന് സാധ്യതയുള്ള വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ വർഷം മാർച്ചിലും സമാനമായ രീതിയിൽ ചിക്കണംകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് കല്ലുകൾ ഇട്ട് തടസ്സം സൃഷ്ടിച്ചിരുന്നു. അന്ന് ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയെത്തുടർന്ന് തഹസിൽദാറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസറും വാർഡ് മെമ്പറും ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കി കല്ലുകൾ നീക്കം ചെയ്തിരുന്നു.
പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പനമരം പോലീസ് ഇരുവിഭാഗത്തിനും നോട്ടീസ് നൽകിയിരുന്നെങ്കിലും, ഈ വ്യവസ്ഥകൾ ലംഘിച്ചാണ് ഇപ്പോൾ വീണ്ടും കയ്യേറ്റം നടക്കുന്നത്. വഴിയുടെ അറ്റത്ത് താമസിക്കുന്ന നിർദ്ധന കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികൾ നിരന്തരമായി മാനസികമായി ശല്യം ചെയ്യുന്നതായും പരാതിയിൽ പറയുന്നു.





Leave a Reply