10 വർഷമായി ചെങ്കോട്ടയായി തുടരുന്ന മണ്ഡലം, തിരികെ പിടിക്കാൻ യുഡിഎഫ്; മാനന്തവാടിയിലെ വോട്ടൊഴുക്ക് ഇക്കുറി എങ്ങോട്ട്?
മാനന്തവാടി: കബനി നദി പരന്നൊഴുകുന്ന മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ വോട്ടൊഴുക്ക് ഇക്കുറി എങ്ങോട്ടായിരിക്കും. പത്തു വർഷത്ത വികസനം നിരത്തി എൽഡിഎഫ് വോട്ട് തേടുമ്പോൾ മണ്ഡലത്തിലെ ഇല്ലായ്മകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. മുമ്പ് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫിന് ഒപ്പമാണ്. അതിനാൽ ഇത്തവണ എൽ.ഡി.എഫിൽനിന്നും മണ്ഡലം തിരിച്ചുപിടിക്കാൻ സംഘടന ശക്തി പരമാവധി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും.
രണ്ടാം പിണറായി സർക്കാരിൽ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയായ ഒ ആർ കേളുവാണ് എൽഡിഎഫിനായി മത്സരരംഗത്തുള്ളത്. 2016 ൽ അദ്ദേഹത്തിലൂടെയാണ് എൽഡിഎഫ് കോൺഗ്രസ് കോട്ട പിടിച്ചെടുത്തത്. മാനന്തവാടി തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇറക്കിയത് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ വിജയനെയാണ്. അതിനാൽ ഇരു മുന്നണികൾക്കും വിജയം അനിവാര്യമാണ്. എൻഡിഎ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ നിന്നും വന്ന പി ശ്യാം രാജും കളം പിടിച്ചുകഴിഞ്ഞു.
മാനന്തവാടിയിൽ വിമതരോ സ്വതന്ത്രരോ ഇല്ല. എതിരാളികളെ ചുഴിയിൽ വീഴ്ത്തുന്ന അപരൻമാരുമില്ല. അതിനാൽ നേർക്കുനേർ പോര് നടക്കുന്ന മാനന്തവാടിയിൽ ആര് വിജയക്കൊടി പാറിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മണ്ഡലത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണ്. മാത്രമല്ല തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന് നല്ല ലീഡ് ലഭിക്കുന്ന മാനന്തവാടിയില്‍ പക്ഷെ നിയമസഭയില്‍ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് എല്‍ഡിഎഫ് ആണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരുനെല്ലിയെന്ന ഒറ്റ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. മാനന്തവാടി മുൻസിപ്പിലിറ്റി നിലനിര്‍ത്തിയ യുഡിഎഫ് വെള്ളമുണ്ട, തൊണ്ടർനാട്, പനമരം പഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിനാൽ, ഈ മണ്ഡലത്തിൽ വിജയിയെ പ്രവചിക്കുകയെന്നത് എളുപ്പമല്ല.
2011ലാണ് പട്ടികവർഗ സംവരണമായി (എസ്.ടി) മാനന്തവാടി മണ്ഡലം രൂപവത്കരിച്ചത്. 2011ൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പി.കെ. ജയലക്ഷ്മി വിജയിച്ചു. എൽ.ഡി.എഫിന്റെ കെ.സി. കുഞ്ഞിരാമനെതിരെ 12,000ത്തലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയലക്ഷമിയുടെ വിജയം. 2016ൽ മണ്ഡലത്തിൽ ഒ.ആർ. കേളുവിനെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ് മാനന്തവാടി പിടിച്ചത്. 1,307 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഒ.ആർ. കേളു ജയിച്ചത്. 2021ൽ 9,282 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കാൻ കേളുവിനായി.
അതേസമയം കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുമായി പി കെ ജയലക്ഷി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ രണ്ടുതവണയും തന്നെ പരാജയപ്പെടുത്തിയത് ഒരുവിഭാഗം കോൺഗ്രസുകാർ തന്നെയാണെന്ന് ജയലക്ഷ്മി കുറ്റപ്പെടുത്തി. തന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പുഴയിലെറിഞ്ഞും അനൗൺസ്‌മെന്റ് വാഹനങ്ങൾ മരത്തണലിൽ നിർത്തിയിട്ടും വീടുകൾ കയറി തനിക്കെതിരേ വോട്ടുചോദിച്ചും ചിലർ ചതിച്ചതായി അവർ ആരോപിച്ചു. തനിക്കെതിരായ ചതി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ കോൺഗ്രസിന് തിരിച്ചടിയാകുമോയെന്ന് കണ്ടറിയണം.
മത്സരം വ്യക്തിപരമാക്കാതെ പൂര്‍ണമായും എല്‍ഡിഎഫ്- യുഡിഎഫ് രാഷ്ട്രീയ മത്സരമാക്കി നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിലാണ് പ്രചരണം മുന്നോട്ട് പോകുന്നത്. ഡിസിസി പ്രസിഡന്‍റ് ടി ജെ ഐസക്ക് നേരിട്ട് തന്നെയാണ് പ്രചരണത്തിന്‍റെ ഏകോപനം.
എന്നാല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നപ്പോഴും ജയിക്കാനായിട്ടുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒആർ കേളുവിന് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ തുടർന്നും ലഭിക്കുമെന്ന് അവർ കണക്ക് കൂട്ടുന്നു. മാനന്തവാടിയിലെ വികസന പ്രവർത്തനങ്ങള്‍ക്ക് എല്ലാ ഭരണ വിരുദ്ധ വികാരത്തെയും ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയില്‍ കൂടെയാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്.
2021ൽ എൻ.ഡി.എ സ്ഥാനാർഥി മുകുന്ദൻ പള്ളിയറ 13,142 വോട്ട് നേടിയിരുന്നു. വോട്ട് വിഹിതത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ ബി.ജെ.പിക്ക് അന്ന് സാധിച്ചില്ല. എങ്കിലും കേന്ദ്ര സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ശ്രമിക്കുന്നത്. ശ്യാംരാജ് എന്ന യുവ നേതാവിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. തൃശ്ശൂർ മോഡല്‍ വിജയമാണ് ഇവിടെ എൻഡിഎ സ്വപ്നം കാണുന്നത്.





Leave a Reply