May 16, 2026

വികസന നേട്ടങ്ങളുമായി ജനങ്ങൾക്കരികിലേക്ക്; ആവേശമുയർത്തി ടി സിദ്ദിഖിന്റെ പഞ്ചായത്തുതല പര്യടന പരിപാടികൾ

0
WhatsApp Image 2026-03-31 at 9.30.07 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പഞ്ചായത്തുതല പര്യടന പരിപാടികളുടെ അഞ്ചാംദിനം ചുണ്ടേല്‍ എസ്റ്റേറ്റില്‍ തുടങ്ങി മുണ്ടേരിയില്‍ അവസാനിക്കുമ്പോള്‍ ആവേശം കൊട്ടിക്കയറുകയാണ്. എല്ലാ മേഖലകളില്‍ നിന്നും സ്ഥാനാര്‍ഥിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡി വൈ എഫ് ഐ നേതാവായിരുന്ന എസ് ശ്രീജിത്തും, സി പി എം പോഷകസംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായിരുന്ന ശ്രീജ രാജനും ചൊവ്വാഴ്ച ചുണ്ടേല്‍ എസ്‌റ്റേറ്റില്‍ നടന്ന ആദ്യപര്യടന കേന്ദ്രത്തില്‍ വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനും സ്ഥാനാര്‍ഥി പര്യടനം സാക്ഷിയായി. ടി സിദ്ദിഖ് തന്നെ ഇരുവരെയും ഷാളണിയിച്ച് സ്വീകരിച്ചു.

ചുണ്ടേല്‍ എസ്റ്റേറ്റില്‍ നടന്ന അഞ്ചാംദിനത്തെ പര്യടനപരിപാടികളുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ നിര്‍വഹിച്ചു. വര്‍ഗീസ് വൈത്തിരി അധ്യക്ഷനായിരുന്നു. പി പി ആലി, കടവന്‍ ഹംസ, ജ്യോതിഷ്‌കുമാര്‍, ഫൈസല്‍, എം പി നവാസ്, ശിഹാബ് മേപ്പാടി, രാംകുമാര്‍, ഷംസുദ്ദീന്‍ കുന്നമ്പറ്റ, ഷെമീര്‍ വൈത്തിരി, ഗൗതം ഗോകുല്‍ദാസ്, തുടങ്ങിയവര്‍ സംസാരിച്ചു. ചുണ്ടേല്‍ ടൗണായിരുന്നു അടുത്ത സ്വീകരണകേന്ദ്രം.

പതിവുപോലെ വഴിയാത്രികരോടും, വ്യാപാരസ്ഥാപനങ്ങളിലും, വാഹനങ്ങളില്‍ കടന്നുപോയവരോടുമെല്ലാം സിദ്ദിഖ് വോട്ടഭ്യര്‍ഥിച്ചു. എല്ലായിടത്തു നിന്നും ലഭിച്ചത് നിറപുഞ്ചിരിയോടെയുള്ള സ്‌നേഹവും പിന്തുണയും മാത്രം. ഒലിവുമല, കണ്ണാര്‍ചാത്ത് എന്നിവിടങ്ങളിലെ പര്യടനത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിലെ പര്യടനപരിപാടികള്‍ക്ക് സമാപനമായി. തുടര്‍ന്ന് കല്‍പ്പറ്റ നഗരസഭയിലേക്ക് കടന്നു. പെരുന്തട്ടയായിരുന്നു ആദ്യസ്വീകരണകേന്ദ്രം. പെരുന്തട്ടയിലും സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വലിയ സ്വീകരണമായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥിക്കായി ഇവിടെ കാത്തുനിന്നിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിയെ കണ്ട് ഓടിയെത്തിയ ഫോട്ടോയെടുത്തു.

പെരുന്തട്ടക്ക് ശേഷം നടുപ്പാറ, വെള്ളാരംകുന്ന്, അഡ്‌ലൈഡ്, ഓണിവയല്‍, ചുഴലി, പുത്തൂര്‍വയല്‍, പുല്‍പ്പാറ, തുര്‍ക്കി, മാര്‍ക്കറ്റ് റോഡ്, മുന്‍സിപ്പല്‍ ഓഫീസ്, ഗൂഡലായിക്കുന്ന്, എമിലി, നെടുങ്കോട്, അമ്പിലേരി എന്നിങ്ങനെ നഗരമേഖലകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. അംഗന്‍വാടികള്‍, തൊഴിലിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ എന്നിങ്ങനെ പര്യടനവേളയില്‍ പരമാവധി ആളുകളെ കണ്ടുകൊണ്ടാണ് സിദ്ദിഖ് മുന്നോട്ടുപോയത്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ അക്കമിട്ടുപറഞ്ഞും ഇനിയുമേറെ ചെയ്യാനുണ്ടെന്നും, യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ വികസനപദ്ധതികള്‍ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നും സിദ്ദിഖ് വിവിധ സ്ഥലങ്ങളില്‍ ലഭിച്ച സ്വീകരണത്തിന് മറുപടിയായി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പര്‍ശിക്കുന്ന ഇന്ദിരാ ഗ്യാരണ്ടികള്‍ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്നും, യു ഡി എഫ് അധികാരത്തിലെത്തിയാല്‍ എല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും വിവിധ പര്യടന കേന്ദ്രങ്ങളില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു.

അമ്പിലേരിയില്‍ നിന്നും ഗ്രാമത്തുവയല്‍, പള്ളിത്താഴെ, എടഗുനി, താഴെ ലക്ഷം വീട് എന്നിവിടങ്ങളിലെ പര്യടനപരിപാടികള്‍ക്ക് ശേഷം മുണ്ടേരിയിലായിരുന്നു അഞ്ചാംദിവസത്തെ പര്യടനപരിപാടികളുടെ സമാപനം. കെ പി സി സി മെമ്പര്‍ കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥിയുടെ പര്യടനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *