കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 16 വീട്ടുപ്രസവങ്ങൾ
കൽപറ്റ: വയനാട് ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 16 വീട്ടുപ്രസവങ്ങളെന്ന് ആരോഗ്യ വകുപ്പ്. വിവരാവകാശ രേഖയിലാണ് 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്ക് വ്യക്തമാക്കിയത്. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ ജനുവരിയിൽ ഒരു വീട്ടുപ്രസവം നടന്നതായും റിപ്പോർട്ട് ചെയ്യുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വീട്ടു പ്രസവമാണ് കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2019-20 കാലയളവിൽ 62, 2020-21ൽ 77, 2021-22ൽ 49, 2022-23ൽ 42, 2023-24ൽ 42, 2024-25ൽ 24, 2025 ജനുവരി മുതൽ ഡിസംബർ വരെ 16 എന്നിങ്ങനെയാണ് ജില്ലയിൽ മുൻ വർഷത്തിൽ വീടുകളിൽ നടന്ന പ്രസവങ്ങൾ.
ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം തദ്ദേശ വകുപ്പ് വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ബോധവത്കരണ പ്രവർത്തനങ്ങൾ നിർദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വയനാട്ടിലെ ആദിവാസി മേഖലയിൽ വർധിതമായ വീട്ടുപ്രവസങ്ങൾ നടന്ന് വരുമ്പോഴും വിവരങ്ങൾ ആരോഗ്യവകുപ്പിന് ശേഖരിക്കുവാൻ കഴിയുന്നില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആരോപിച്ചു.
അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുളള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇത് അവഗണിച്ചാണ് സംസ്ഥാനത്ത് വീട്ടുപ്രസവങ്ങള്‍ നടക്കുന്നത്.





Leave a Reply