April 20, 2026

സെൻസസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് തുടക്കമായി

0
IMG_20260420_193137
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2027ലെ ദേശീയ സെൻസസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് തുടക്കമായി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ ആരംഭിച്ച ത്രിദിന പരിശീലന പരിപാടി പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായ പദ്ധതി ആസൂത്രണത്തിന് കൃത്യമായ ജനസംഖ്യാ കണക്കുകൾ അത്യാവശ്യമാണെന്നും വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ നിയോഗിച്ച് സെൻസസ് നടപടികൾ വിജയകരമായി പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സെൻസസ് പരിശീലനത്തിന് ശേഷമാണ് ജില്ലാതല സെൻസസ് ഓഫീസർമാർക്കും അനുബന്ധ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം തിങ്കളാഴ്ച കളക്ടറേറ്റിൽ ആരംഭിച്ചത്. പൂർണമായും കടലാസ് രഹിതമായി നടപ്പാക്കുന്ന സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പൂർത്തിയാക്കുക. ഈ വർഷം ജൂലൈ മാസത്തിൽ വീടുകളുടെ കണക്കെടുപ്പും അതിന് ശേഷം അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ജനസംഖ്യാ കണക്കെടുപ്പും നടക്കും. എന്യുമറേറ്റ‍ർമാരും സൂപ്പ‍ർവൈസ‍ർമാരും പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.

 

സെൻസസ് പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ വിലയിരുത്തുന്നതിന് സെൻസസ് മാനേജ്മെന്‍റ് ആന്റ് മോണിട്ടറിങ് സിസ്റ്റം എന്ന പ്രത്യേക പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുക. ആദ്യ ഘട്ടത്തിൽ വീടുകളുടെ കണക്കെടുപ്പ് നടത്തുമ്പോൾ വാസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും കണക്കുകൾ ശേഖരിക്കും. ഇതിന് ശേഷമായിരിക്കും ഓരോ വീടുകളിലും താമസിക്കുന്നവരുടെ വിവരങ്ങൾ പ്രത്യേകമായി ശേഖരിക്കുന്നത്. പൊതുജനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വിവരങ്ങൾ നൽകാൻ കഴിയുന്ന സെൽഫ് എന്യുമറേഷൻ സംവിധാനവും ഇത്തവണയുണ്ടാവും. ഇങ്ങനെ വിവരങ്ങൾ നൽകുന്നവ‍ർ സെൻസസ് പോർട്ടലിൽ നിന്ന് ലഭിക്കുന്ന റഫറൻസ് ഐ.ഡി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥ‍ർക്ക് നൽകിയാൽ മതിയാവും.

 

സെൻസസ് നടപടികൾക്കായി ജില്ലയിൽ എന്യുമറേറ്റ‍ർ, സൂപ്പർവൈസർ എന്നീ ചുമതലകളിൽ 1726 പേരെയും ഫീൽഡ് ട്രെയിന‍ർമാരായി 30 പേരെയും മാസ്റ്റ‍ർ ട്രെയിനർമാരായി രണ്ട് പേരെയും നിയോഗിക്കും. ജില്ലാ സെൻസസ് ഓഫീസർ കൂടിയായ എ.ഡി.എം എ ജയശ്രീ, സെൻസസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ രാജേഷ്, അജിത് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാതല ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ബുധനാഴ്ച സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *