ആദ്യ ഡിജിറ്റല്‍ സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍
കൽപ്പറ്റ: ജില്ലയില്‍ ദേശീയ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തില്‍ ഇത്തവണ ആദ്യമായി നടപ്പാക്കുന്ന സെല്‍ഫ് എന്യുമറേഷന് സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ പറഞ്ഞു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വീടുകളില്‍ സെന്‍സസ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സ്വന്തമായി തന്നെ പ്രത്യേക പോര്‍ട്ടലില്‍ നല്കാന് കഴിയുന്ന സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്.
പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ നടപ്പാക്കുന്ന ഇത്തവണത്തെ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുന്നത്. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ 30 വരെ നടക്കുന്ന വീടുകളുടെ കണക്കെടുപ്പാണ് ആദ്യ ഘട്ടം. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന വിശദമായ ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാം ഘട്ടം. ആദ്യ ഘട്ട വിവരശേഖരണം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് സെല്‍ഫ് എന്യുമറേഷന് സൗകര്യം ആരംഭിക്കും. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരശേഖരണം ആരംഭിക്കുന്നതിന് മുമ്പ് സെല്‍ഫ് എന്യുമറേഷന് സൗകര്യം അവസാനിക്കുകയും ചെയ്യും. കേരളത്തില്‍ ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സ്വന്തം കുടുംബത്തിന്റെ വിവരങ്ങള്‍ നല്‍കാം.
മലയാളം ഉള്‍പ്പെടെ 16 ഭാഷകളില്‍ സെല്‍ഫ് എന്യുമറേഷന് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും. കുടുംബനാഥനോ കുടുംബനാഥയ്ക്കോ അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഏതെങ്കിലും കുടുംബാംഗത്തിനോ വിവരങ്ങള്‍ നല്‍കാം. പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്കിയാല് വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മാപ്പില്‍ നിന്ന് തെരഞ്ഞെടുക്കണം. അതിന് ശേഷം വിവരശേഖരണത്തിനുള്ള സെന്‍സസ് ചോദ്യാവലി ദൃശ്യമാവും. കുടുംബാംഗങ്ങളുടെ പൊതുവായ വിവരങ്ങളും വീടിന്റെ അവസ്ഥയും വീട്ടില്‍ ലഭ്യമായ സൗകര്യങ്ങളെയും കുറിച്ചുമുള്ള ലളിതമായ ചോദ്യങ്ങളാണുണ്ടാവുക. ഇവയ്ക്ക് കൃത്യമായ ഉത്തരം നല്‍കണം.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കി സെല്‍ഫ് എന്യുമറേഷന് പൂര്‍ത്തിയാക്കുമ്പോള്‍ 11 അക്ക ഐ.ഡി ലഭിക്കും. എസ്.എം.എസ് വഴിയും ഈ ഐ.ഡി ലഭ്യമാവും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ഈ സെല്‍ഫ് എന്യുമറേഷന് ഐ.ഡി അവര്‍ക്ക് കൈമാറണം. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം. വിവര ശേഖരണം പരമാവധി വേഗത്തില്‍ കൃത്യമായും സുരക്ഷിതമായും പൂര്ത്തീകരിക്കാനാവുമെന്നതിനാല് സാധ്യമാവുന്നവരെല്ലാം സെല്‍ഫ് എന്യുമറേഷന് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.
ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയുള്ള വിവര ശേഖരണത്തിനും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തവണത്തെ സെന്‍സസ് നടപടികളെല്ലാം പൂര്‍ണമായും കടലാസ് രഹിതമാണ്. വിവിധ തലങ്ങളിലെ ഏകോപനത്തിന് സെന്‍സസ് മാനേജ്മെന്റ് ആന്റ് മോണിട്ടറിങ് സിസ്റ്റം എന്ന പോര്‍ട്ടല്‍ ആണ് ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ സെന്‍സസ് പ്രവത്തനങ്ങളുടെ ഓരോ ഘട്ടവും പൂര്‍ത്തീകരിക്കുന്നത് ഈ പോര്‍ട്ടലിലൂടെയായിരിക്കും. ജില്ലാതലത്തില്‍ സെന്‍സസ് ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശീലനം ബുധനാഴ്ച സമാപിക്കും.





Leave a Reply