കൽപ്പറ്റ ഇടപെട്ടി ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കണം : മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: കൽപ്പറ്റയ്ക്ക് സമീപം ഇടപെട്ടി ജംഗ്ഷനിൽ പൊതുമരാമത്ത് (ദേശീയപാതാ) വിഭാഗം അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ച് പൊതുജനങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പൊതുമരാമത്ത് ദേശീയപാതാ വിഭാഗം (കോഴിക്കോട്) എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് നിർദ്ദേശം നൽകിയത്. ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിയമതടസമുണ്ടെങ്കിൽ വിശദാംശങ്ങൾ കമ്മീഷനിൽ എഴുതി സമർപ്പിക്കണം. ഇത്തരം സാഹചര്യമുണ്ടായാൽ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ മുട്ടിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം അനുമതി നൽകണമെന്ന് കമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു. ദേശീയപാതാ 66 ലെ സർവ്വീസ് റോഡുകളിൽ ഉൾപ്പെടെ ദേശീയപാതാ വിഭാഗം തന്നെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നും ഉത്തരവിൽ പറഞ്ഞു.
ദേശീയപാതയോരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം നിർമ്മിക്കാറില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൊടുവള്ളി) കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. മുട്ടിൽ ഗ്രാമപഞ്ചായത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങൾ കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കാൻ കഴിയില്ലെന്ന് കമ്മീഷനെ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തെ തുടർന്നാണ് ഷെഡ് തകർന്നത്. കൽപ്പറ്റ നോർത്ത് സ്വദേശി ശിവശങ്കരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.





Leave a Reply