ജില്ലയിൽ സാക്ഷരത മിഷൻ തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി
കൽപ്പറ്റ: ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തുല്യത കോഴ്സുകളുടെ ജില്ലാതല രജിസ്ട്രേഷൻ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസ രംഗത്ത് നിന്ന് വിവിധ കാരണങ്ങളാൽ പുറത്തുപോയവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ തുല്യതാ കോഴ്സുകൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും ജില്ലയിലെ അർഹരായ മുഴുവൻ ആളുകളെയും സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തുല്യതാ കോഴ്സുകളിലേക്ക് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സാക്ഷരതാ പ്രേരക്മാർ വഴി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണെന്ന് ജില്ലാ സാക്ഷാരതാ മിഷൻ അറിയിച്ചു. പദ്ധതിയുടെ വിജയത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിദ്യാഭ്യാസ – ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെ ജില്ലാതല യോഗം സംഘടിപ്പിക്കും. രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗവും ചേരും. പഞ്ചായത്ത് തലത്തിൽ കോർ ഗ്രൂപ്പ് രൂപീകരിച്ച് തുല്യത പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ക്ലാസുകൾ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും നടത്തുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പ്രത്യേക പദ്ധതി രൂപീകരിച്ച് സൗജന്യ പഠന സൗകര്യം ഒരുക്കും. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. 17 വയസ് പൂർത്തിയായി ഏഴാം ക്ലാസ് വിജയിച്ചവർക്ക് പത്താം ക്ലാസിലേക്കും, 22 വയസ് പൂർത്തിയായി പത്താം ക്ലാസ് വിജയിച്ചവർക്ക് ഹയർ സെക്കൻഡറി കോഴ്സിലേക്കും പ്രവേശനം നേടാം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൽമ മോയിൻ, ജിനി തോമസ്, വി. എൻ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നസീമ ടീച്ചർ, കമല രാമൻ, മുഫീദ തെസ്നി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡോ. എം.കെ സ്വയ, പ്രേരക് പ്രതിനിധികളായ ഷിൻസി റോയ്, എം കൊച്ചുറാണി എന്നിവർ സംസാരിച്ചു.





Leave a Reply