കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകും ? വയനാട്ടിലെ എം.എൽ.എമാരുടെ പിന്തുണ കെ.സി വേണുഗോപാലിന്
കൽപറ്റ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ച് വയനാട്ടിലെ എം.എൽ.എമാർ. അഡ്വ ടി സിദിഖ്, ഉഷ വിജയൻ, ഐ സി ബാലകൃഷ്ണൻ എന്നിവരുടെ പിന്തുണയാണ് കെ.സിക്ക് ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എ.ഐ.സി.സി പരിഗണിക്കുന്നത്. വ്യാഴാഴ്ച എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്ത് എല്ലാ എം.എൽ.എമാരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന് ശേഷം പുറത്തുവന്ന നിരീക്ഷകരുടെ കൈയിലുണ്ടായിരുന്ന കടലാസുകളുടെ ചിത്രങ്ങൾ ഫോട്ടോഗ്രാഫർമാർ പകർത്തിയിരുന്നു.
ഇതിലാണ് എം.എൽ.എമാരുടെ പേരും അവർ പിന്തുണച്ച നേതാക്കളുടെ വിവരങ്ങളും ഉള്ളത്. ഇതുപ്രകാരം വയനാട്ടിലെ എം.എൽ.എമാർ കെ.സി ഗോപാലിനെയാണ് പിന്തുണച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നത്. എം.എൽ.എമാരുടെ പേരും മൊബൈൽ നമ്പറും ആരെയാണ് പിന്തുണച്ചത് എന്നുമാണ് ഈ കടലാസിൽ ഉള്ളത്. ഉഷ വിജയന്റെയും ടി. സിദ്ദീഖിന്റെയും പേരിന് നേരെ കെ.സി വേണുഗോപാൽ എന്നതിന്റ ചുരുക്കമായ ‘കെ.സി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐ.സി ബാലകൃഷ്ണന്റെ പേരിന് നേരെ ‘കെ.സി’ എന്നും രമേശ് ചെന്നിത്തല എന്നതിന്റെ ചുരുക്കമായ ‘ആർ.സി’ എന്നുമുണ്ട്.
അതേസമയം, വയനാട്ടിലെ എം.എൽ.എമാരുടെ നടപടിയിൽ മുസ്‍ലിം ലീഗ് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എം.എൽ.എമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ജനവികാരം കൂടി കണക്കിലെടുക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി ടി. മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.





Leave a Reply