May 12, 2026

സർവീസ് തർക്കം വ്യാജ പീഡന കേസായെന്ന് കണ്ടെത്തൽ, പോലീസ് വീഴ്ച അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

0
WhatsApp Image 2026-05-12 at 5.55.46 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നെന്മേനി ചീരാൽ എ.യു.പി. സ്കൂളിലെ അധ്യാപകൻ സഹപ്രവർത്തകയായ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പോലീസ് വീഴ്ച അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കോടതിയിൽ നടന്ന വിചാരണ നടപടികൾ നിർത്തിവച്ച് തുടരന്വേഷണം നടത്തണമെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്താൻ പോലീസിന് കഴിഞ്ഞില്ലെന്ന കണ്ടെത്തൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ശരിവച്ചു.

ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പോലീസ് വീഴ്ച പുറത്തു വന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ശ്രമം ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കോടതിയെ സമീപിച്ചിരുന്നെങ്കിൽ പരാതിക്കാരന് തുടർവിചാരണ നേരിടാതെ കേസിൽ നിന്നും ഒഴിവാകാൻ കഴിയുമായിരുന്നു. ഈ സാഹചര്യത്തിൽ വീഴ്ച വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

അധ്യാപകന്റെ ഭാര്യ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ ഭർത്താവും സഹപ്രവർത്തകയും തമ്മിൽ സർവീസ് സീനിയോറ്റി സംബന്ധിച്ച് തർക്കമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് 2018 ഒക്ടോബർ 29 ന് ബത്തേരി പോലീസ് പീഡന പരാതിയിൽ കേസെടുത്തതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടർന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായി പരാതിക്കാരി അറിയിച്ചു. അധ്യാപകനെതിരായ പീഡന പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് വയനാട് ജില്ലാ പോലീസ് മേധാവിയും എത്തിചേർന്നത്.
പരാതിക്കാരിയുടെ ഭർത്താവിനും പീഡനപരാതി ഉന്നയിച്ച അധ്യാപികക്കും നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. പോലീസ് രജിസ്റ്റർ ചെയ്ത പീഡന പരാതി സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിചാരണ നടത്തി പ്രോസിക്യൂഷൻ കേസ് സംശയാസ്പദമായി തെളിയിക്കാൻ കഴിയാത്തതിനാൽ തള്ളി.

അധ്യാപികയും അധ്യാപകനും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് ഇരുവരെയും സസ്പെന്റ് ചെയ്തിരുന്നതായി സ്കൂൾ മാനേജർ കമ്മീഷനെ അറിയിച്ചു. കോടതി പരിഗണിച്ച് തീർപ്പാക്കിയ കേസിൽ കമ്മീഷൻ ഇടപെടുന്നത് അനുചിതമാണെന്ന് ഉത്തരവിൽ പറഞ്ഞു. എന്നാൽ പരാതിക്കാരിയുടെ ഭർത്താവിന് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച് പരിഹാരം കാണാവുന്നതാണെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *