മന്ത്രി സഭയിൽ സ്ഥാനമുറപ്പിച്ച് ആറ് പേർ; ടി.സിദ്ദീഖിനെ മന്ത്രിയാക്കണമെന്ന് കെ സി പക്ഷം
തിരുവനന്തപുരം: രമേശ് ചെന്നിത്തല, കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ. രമേശ് ചെന്നിത്തല, കെ മുരളിധരൻ, എം ലിജു, പി സി വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചവർ. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകിയപ്പോൾ ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം ശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങളിലേക്ക് വയനാട് നിന്നുള്ള എംഎൽഎ ടി.സിദ്ദീഖിന്റേതുൾപ്പെടെയുള്ള പേരുകൾ നിർദേശിച്ചിട്ടുണ്ട്. എട്ടുപേരെയാണ് കെ.സി വേണുഗോപാൽ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്. ഇന്നലെ കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും വി.ഡി സതീശനും നടത്തിയ ചർച്ചയിൽ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാൽ.
സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പദത്തിനൊപ്പം വി ഡി സതീശൻ ധനകാര്യം കൈകാര്യം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കും. രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസുമാകും കൈകാര്യം ചെയ്യുക. അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രി സ്ഥാനം നൽകുന്നതിൽ തീരുമാനം ആയില്ല. സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും ഉറപ്പായി.
ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.





Leave a Reply