വി ഡി മന്ത്രിസഭയിൽ ടി സിദ്ദിഖ് മാത്രം; സത്യപ്രതിജ്ഞ നാളെ
കൽപ്പറ്റ: വി ഡി സതീശൻ മന്ത്രി സഭയിൽ വയനാട്ടിൽ നിന്ന് ഇടം പിടിച്ചത് ടി സിദ്ദിഖ് എംഎൽഎ മാത്രം. കന്റോൺമെന്റ് ഹൗസിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച കോൺഗ്രസ് എംഎൽഎമാരുടെ ലിസ്റ്റിൽ ഐ സി ബാലകൃഷ്ണൻ ഉൾപ്പെട്ടിട്ടില്ല. ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവര്‍ അവസാന മണിക്കൂറുകളില്‍ ഒരുമിച്ച് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ടി സിദ്ദിഖിനാണ്.
അതേസമയം ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും ടേം വ്യവസ്ഥയിലാകും മന്ത്രിസ്ഥാനം പങ്കിടുക എന്നതാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. നിലവിൽ കെ.എ. തുളസിയ്ക്കാണ് മന്ത്രി സ്ഥാനം ലഭിച്ചത്. ടേം വ്യവസ്ഥയിലാണെങ്കിൽ രണ്ടര വർഷത്തിനേ ശേഷം ഐ.സിയ്ക്ക് മന്ത്രി സ്ഥാനം ലഭിച്ചേക്കും. ടേം വ്യവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
മുഖ്യ മന്ത്രിയടക്കം 21 പേരടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, എം ലിജു, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ. മുസ്ലീം ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. പട്ടിക നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൈമാറി.
വകുപ്പുകളെല്ലാം തീരുമാനമായിട്ടുണ്ടെന്നും ഘടകകക്ഷികള്‍ ആയിട്ടുളളതും ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. വകുപ്പ് നിര്‍ദേശം നാളെ സമര്‍പ്പിക്കുമെന്നും പിണറായി വിജയന്‍, രാജീവ് ചന്ദ്രശേഖര്‍, ബിനോയ് വിശ്വം, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.





Leave a Reply