സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ പരിശീലന പരിപാടിയ്ക്ക് സമാപനം
കൽപ്പറ്റ: ദേശീയ സെന്‍സസിന് മുന്നോടിയായുള്ള ഫീല്‍ഡ് ട്രെയിനര്‍മാരുടെ ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ മൂന്ന് ദിവസമായി നടന്നുവന്ന പരിശീലന പരിപാടിയുടെ സമാപന സെഷൻ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ എ.ഡി.എം എ ജയശ്രീ ഉദ്ഘാടനം ചെയ്തു. സെൻസസ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ വിജയികരമായി പൂർത്തിയാക്കുന്നതിന് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്ന് എ.ഡി.എം പറഞ്ഞു. എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, ഡാറ്റാ ശേഖരണ നടപടിക്രമങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗം, വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവര ശേഖരണ രീതി, ഫീല്‍ഡ് തല റിപ്പോര്‍ട്ടിങ് സംവിധാനംഎന്നീ മേഖലകളിൽ ട്രെയിനർമാർക്ക് പ്രായോഗിക പരിശീലനം നല്‍കി.
സെൻസസ് പ്രവർത്തനങ്ങളുടെ അടുത്തഘട്ടമായി മെയ് 28 മുതൽ ജൂൺ 23 വരെ എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും പരിശീലനം നടക്കും. തുടർന്ന് സംസ്ഥാനത്തുടനീളം ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ഒന്നാം ഘട്ടത്തിൽ നടക്കുക. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമൊരുക്കുന്നുണ്ട്. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്.
ജില്ലാതല പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി സെൻസസ് ഓഫീസർമാരായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജസീം ഹാഫിസ്, ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് ഓഫീസർ എസ് നിവേദ്, മാസ്റ്റർ ട്രെയിനർ കൂടിയായ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ കെ.എസ് ശ്രീജിത്ത്, ഹുസൂർ ശിരസ്താദാർ വി.കെ ഷാജി, സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ വി രാജേഷ്, സെന്‍സസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ സാജു എന്നിവര്‍ പങ്കെടുത്തു.





Leave a Reply