പ്ലസ് വൺ പ്രവേശനം: ജില്ലയിൽ ഫോക്കസ് പോയിന്റുകൾ പ്രവർത്തനം തുടങ്ങി; ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ജി.എച്ച്.എസ്.എസിൽ
കൽപ്പറ്റ: ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിലുള്ള ഫോക്കസ് പോയിന്റുകൾ ജില്ലയിലെ എല്ലാ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും പ്രവർത്തനം ആരംഭിച്ചു. പത്താംതരം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺലൈൻ രജിസ്ട്രേഷന് പിന്തുണയേകുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പട്ടികവർഗ്ഗ വകുപ്പ്, കൈറ്റ് വയനാട്, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം, നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്ത പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ജി.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി. ഷാജഹാൻ അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ വി. സുരേഷ് ലാൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപാ ആന്റണി, സൗഹൃദ കോ-ഓർഡിനേറ്റർ പി.സി മഹേഷ് എന്നിവർ സംസാരിച്ചു. ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ ക്ലാസുകൾക്ക് സി.ജി ആന്റ് എ.സി റിസോഴ്സ് പേഴ്സൺ മർഫിൻ ടി. ഫ്രാൻസിസ്, സ്കൂൾ കരിയർ ഗൈഡ് നൗഷാദ് കെ.എസ് എന്നിവർ നേതൃത്വം നൽകി. കരിയർ സാധ്യതകൾ, ഏകജാലക സംവിധാനം, ഹയർ സെക്കണ്ടറി കോഴ്സുകൾ, തുടർപഠന സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം പകരുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
തൊണ്ടർനാട് എം.റ്റി.ഡി.എം എച്ച്.എസ്.എസിൽ നടന്ന ഓറിയന്റേഷൻ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി. മെയ്തു അധ്യക്ഷയായ പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.റ്റി.കെ ബിജു, പ്രിൻസിപ്പൽ ടി മഞ്ജു, രജീഷ ടീച്ചർ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡ് കെ.ഐ വിൽസൺ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി.





Leave a Reply