വയനാട് ജില്ലാ ക്യാൻസർ സെന്റർ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം: എടവക പഞ്ചായത്ത് മുസ്ലിം ലീഗ്
മാനന്തവാടി: നല്ലൂർനാട് അംബേദ്കർ ഹോസ്റ്റലിനോട് ചേർന്ന്, എടവക പാതിരിച്ചാൽ-പീച്ചങ്കോട് റോഡിലെ എട്ടര ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന വയനാട് ജില്ലാ ക്യാൻസർ സെന്റർ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് എടവക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിന്റെ പരിമിതമായ ഫണ്ട് ഉപയോഗിച്ച് ഇത്തരമൊരു വൻകിട പ്രസ്ഥാനം അതിന്റെ പൂർണ്ണ അർത്ഥത്തിൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് യോഗം വിലയിരുത്തി.
മുൻപ് മാനന്തവാടിയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ആശുപത്രിയെ, ‘ആസ്പിരേഷൻ’ ജില്ലകളിലെ ജില്ലാ ആശുപത്രികൾ മെഡിക്കൽ കോളേജുകളായി ഉയർത്താമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് മെഡിക്കൽ കോളേജായി ഉയർത്തിയിരുന്നു. ഇതോടെ ജില്ലാ പഞ്ചായത്തിന്റെ കീഴിലായിരുന്ന ജില്ലാ ആശുപത്രി സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. എന്നാൽ അതിനുശേഷം, മുൻപ് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുകയും മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.
നിലവിൽ സി.ടി സിമുലേറ്റർ, ഐസൊലേഷൻ വാർഡ് സൗകര്യങ്ങൾ കാൻസർ സെന്ററിലുണ്ടെങ്കിലും, ദൈനംദിന പ്രവർത്തനങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള മൾട്ടി ഫെസിലിറ്റി ഓങ്കോളജി സെന്ററായി ഇതിനെ മാറ്റുന്നതിനും നിലവിൽ വലിയ ഫണ്ട് പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ, ആസ്പിരേഷൻ ജില്ലയായ വയനാട്ടിലെ ആസ്പിരേഷൻ ബ്ലോക്കായ മാനന്തവാടിയിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കാൻസർ സെന്ററിനെ, വയനാട് മെഡിക്കൽ കോളേജിന്റെ ഒരു അനക്സ് (അനുബന്ധ സ്ഥാപനം) ആയി കണക്കാക്കണം. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഒരുക്കി, സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് ഈ കേന്ദ്രം ഏറ്റെടുത്ത് വിപുലപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എടവക പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസായ ബാഫഖി ഹോമിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് റസാഖ് ആയങ്കി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വള്ളിയാട്ട് അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. മൊയ്തു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് വെട്ടൻ അബ്ദുള്ള ഹാജി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. ജമാൽ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ, പഞ്ചായത്ത് ട്രഷറർ കെ.ടി. അഷ്റഫ്, സെക്രട്ടറി റഫീഖ് കാഞ്ഞായി, കെ.വി.സി. മുഹമ്മദ്, പാറയിൽ ഹംസ, അഷ്റഫ് സി., യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷനൂദ് വി., ജില്ലാ എം.എസ്.എഫ് ഭാരവാഹി മുത്തലിബ് തോക്കൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, മെമ്പർമാരായ ലത്തീഫ് എൻ.കെ., സമദ് പി.വി., റഹീം അത്തിലൻ, സിദ്ദീഖ് തോക്കൻ, ഖാലിദ് മുതുവോടൻ തുടങ്ങിയവർ സംസാരിച്ചു. സി. അഷ്റഫ് നന്ദി പറഞ്ഞു.





Leave a Reply