തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന്
കൽപ്പറ്റ: പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ (ഇന്റേണല്‍ കമ്മിറ്റി) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷ. തൊഴില്‍ ചെയ്യുന്ന പല സ്ത്രീകള്‍ക്കും പോഷ് ആക്ട് പ്രകാരമുള്ള ഇത്തരം കമ്മിറ്റികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിലവിലുണ്ടെന്ന കാര്യം അറിയില്ലെന്നത് ഖേദകരമാണ്. നിയമപ്രകാരം തൊഴിലിടങ്ങളില്‍ ആഭ്യന്തര കമ്മിറ്റി നിലവിലുണ്ടെന്ന വിവരവും അതിന്റെ അധ്യക്ഷ ആരാണെന്നതും പരാതികള്‍ എവിടെയാണ് നല്‍കേണ്ടതെന്നുമടക്കമുള്ള നോട്ടീസ് എല്ലാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കാണാന്‍ പാകത്തില്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഇത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. ഈ അറിവില്ലായ്മ കാരണം, സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ആഭ്യന്തര കമ്മിറ്റിയെ സമീപിക്കുന്നതിന് പകരം നേരിട്ട് പോലീസില്‍ പരാതിപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
ജില്ലയില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം പരാതികളില്‍ വനിതാ സംരക്ഷണ ഓഫീസര്‍മാര്‍ മുഖേന സംരക്ഷണ ഉത്തരവുകള്‍ വാങ്ങി നല്കാന് കമ്മീഷന് നേരിട്ട് ഇടപെടുന്നുണ്ട്. കുടുംബ പ്രശ്നങ്ങളില്‍ കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ കൗണ്‍സിലിംഗ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും കമ്മീഷന് പറഞ്ഞു. അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യം പറയുകയോ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മൊബൈല്‍ ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ പോലുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കമ്മീഷന് ശക്തമായ നടപടിയ സ്വീകരിക്കുമെന്നും കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 30 കേസുകള്‍ പരിഗണിച്ചു. ഇതില്‍ നാല് കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതേറിറ്റിക്ക് കൈമാറി. ആറ് കേസുകളില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സിറ്റിങ്ങില്‍ പുതിയ ഒരു പരാതി ലഭിച്ചു. വനിതാ കമ്മീഷന് അംഗം അഡ്വ. കുഞ്ഞയിഷ സിറ്റിങ്ങില്‍ പങ്കെടുത്തു.





Leave a Reply