റേഡിയോ മാറ്റൊലി: കുടുംബസംഗമവും വാർഷികവും സംഘടിപ്പിച്ചു
കൽപ്പറ്റ: റേഡിയോ മാറ്റൊലി കുടുംബസംഗമവും വാർഷികവും സംഘടിപ്പിച്ചു. എം.എൽ എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. മാനുഷിക പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ റേഡിയോ മാറ്റൊലി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. നാടിന്റെ വികസനത്തിനും നന്മക്കും മാറ്റൊലിയോട് ചേർന്ന് പ്രവർത്തിക്കുമെന്നും എംഎൽഎ പറഞ്ഞു. റേഡിയോ മാറ്റൊലിയുടെ 17-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
റേഡിയോ മാറ്റൊലിയിൽ നടന്ന കുടുംബ സംഗമത്തിൽ മാനന്തവാടി രൂപതാ അധ്യക്ഷനും റേഡിയോ മാറ്റൊലി രക്ഷാധികാരിയുമായ ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷനായി. ശ്രോതാക്കൾ റേഡിയോ അനുഭവങ്ങൾ പങ്കുവെച്ചു. ഉച്ചക്ക് ശേഷം നടന്ന വാർഷികാഘോഷചടങ്ങിന് റേഡിയോ മാറ്റൊലി ചെയർമാൻ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ എം എൽ എ ഉഷ വിജയനെ റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഡോ.ഫാ.ജോഫ്രി കളരിക്കൽ പൊന്നാടയണിയിച്ച് അനുമോദിച്ചു.
ആയുർവേദ അസോസിയോഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വൈദ്യപദം എന്ന പുതിയ പ്രോഗ്രാമിന്റെ ഉദ്ഘാടനം മാനന്തവാടി രൂപതാ പ്രൊക്യുറേറ്റർ ഫാ ജോസ് കൊച്ചറക്കൽ നിർവഹിച്ചു. മാറ്റൊലി സ്കൂൾ ക്ലബ് ഉദ്ഘാടനം ജിൽസൺ തൂപ്പുങ്കര നിർവഹിച്ചു. റേഡിയോ ക്ലബ് ആദ്യമായി ആരംഭിക്കുന്ന പടിഞ്ഞാറത്തറ എ.യു.പി സ്കൂളിനുള്ള റേഡിയോ സെറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് നെട്ടറ നൽകി.
റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അഖില കേരള റേഡിയോ നാടക മത്സരത്തിൻറെ പോസ്റ്റർ പ്രകാശനം റേഡിയോ മറ്റൊലി സ്‌ഥാപക ഡയറക്ടർ ഡോ. ഫാ തോമസ് ജോസഫ് തേരകം നിർവഹിച്ചു. ലിസണർ ഓഫ് ദി ഇയർ അവാർഡ് പ്രഖ്യാപനം മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് നിർവഹിച്ചു. അവാർഡിന് അർഹയായ മീര പ്രകാശിന് ഡബ്ലൂഎസ്എസ്എസ് ഡയറക്ടർ ഫാദർ ജിനോജ് പലതടത്തിൽ പുരസ്കാരം സമ്മാനിച്ചു.
പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വോളണ്ടിയർ അവന്തിക സുരേഷ്, സി.എം കിഡ്സ് ജേതാവ് തൻവി പി രാജേഷ് എന്നിവക്കുള്ള മൊമന്റോയും വിതരണം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വാർഡ് മെമ്പർ സെറീന ടീച്ചർ, ഡോ ലീഷിത സുജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫാ. ബിജോ കറുകപ്പള്ളി സ്വാഗതവും എടവക കൃഷി ഓഫിസറും മറ്റൊലി മാനേജ്മെന്റ് കമ്മിറ്റി അംഗവും ആയ സുനിൽ കെ ജി നന്ദിയും അർപ്പിച്ചു.





Leave a Reply